ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരായ ലൈംഗിക സിഡി കേസ്: വിചാരണയ്ക്കു സ്റ്റേ
Monday, October 21, 2019 10:36 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെതിരായ ലൈംഗിക സിഡി കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ ഛത്തീസ്ഗഡിനു പുറത്തേക്കു മാറ്റണമെന്ന സിബിഐയുടെ ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനു നോട്ടീസ് അയച്ചു.
ബിജെപിയുടെ മുൻ മന്ത്രി രാജേഷ് മുനാട്ടിനെതിരേ വ്യാജ ലൈംഗിക സിഡി ഉണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിക്കെതിരായ കേസ്. ഈ കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയും ഭരണപക്ഷവും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.
രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ ഇതിനെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.