കോവിഡിനെതിരേ ജി-20 നിർണായക നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രി മോദി
Monday, November 23, 2020 12:17 AM IST
ന്യൂഡൽഹി: കോവിഡ്-19 ന് എതിരേ ജി-20 നിർണായക നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെത്തുടർന്ന് വെർച്വലായി നടന്ന ജി-20 ഉച്ചകോടിയിൽ, മഹാമാരിയെ നേരിടുന്നതും സാന്പത്തിക തകർച്ച മറികടക്കുന്നതിനെ സംബന്ധിച്ചുമായിരുന്നു പ്രധാന ചർച്ച.
കൊറോണയ്ക്കു ശേഷമുള്ള ലോകത്തിന് ടാലന്റ് പൂൾ, സത്ഭരണം, ഭാരവാഹിത്വത്തിൽ അധിഷ്ഠിതമായി പരിസ്ഥിതി സംരക്ഷണം, സമൂഹത്തിന്റെ എല്ലാ മേഖലയിലും സാങ്കേതിക വിദ്യ ഉറപ്പാക്കൽ എന്നീ നാല് ഘടങ്ങളുടെ അടിസ്ഥാനത്തിൽ ആഗോള സൂചിക വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്നും അദ്ദേഹം പറഞ്ഞു.
സാന്പത്തികരംഗം വീണ്ടെടുക്കൽ, തൊഴിലവസരം സൃഷ്ടിക്കൽ, വ്യാപാരം എന്നീ വിഷയങ്ങളിൽ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ജി-20 നിർണായക തീരുമാനമെടുക്കണമെന്നും മോദി പറഞ്ഞു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവർ പങ്കെടുത്തു.