കുടിയേറ്റ തൊഴിലാളികൾ കാഷ്മീരിൽനിന്നു പലായനം ചെയ്യുന്നു
Wednesday, October 20, 2021 12:13 AM IST
ജമ്മു: ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഭീകരരുടെ ആക്രമണം രൂക്ഷമായതോടെ കാഷ്മീരിൽനിന്ന് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുംബാംഗങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നാട്ടിലേക്കു മടങ്ങാനായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്നലെ കുടിയേറ്റ തൊഴിലാളികൾ ധാരാളമായി എത്തിയിരുന്നു.
കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി എത്തിയതോടെ ജമ്മുവിലെയും ഉധംപുരിലെയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സുരക്ഷ വർധിപ്പിച്ചു. ജമ്മു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനുള്ള ക്യൂവിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് കാത്തുനിന്നത്. ഇവർക്കു കുടിവെള്ളമോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല.
കാഷ്മീരിൽ നാലു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണു ഏകദേശ കണക്ക്. ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും.
ഇതരസംസ്ഥാന തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. കൽപ്പണി, ആശാരിപ്പണി, വെൽഡിംഗ്, കൃഷിപ്പണി തുടങ്ങിയ മേഖലകളിലാണു കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നത്.
ഓരോ വർഷവും മാർച്ച് മാസത്തിൽ കാഷ്മീരിലെത്തുന്ന തൊഴിലാളികൾ മഞ്ഞുകാലം ആരംഭിക്കുന്ന നവംബറോടെ മടങ്ങുകയാണു പതിവ്. ഭീകരരുടെ ആക്രമണം ശക്തമായതോടെ ഇത്തവണ തൊഴിലാളികൾ നേരത്തെ നാടുവിടുകയാണ്. ബിഹാറിൽനിന്നുള്ളവർക്കു നേരെയാണ് ഭീകരരുടെ ആക്രമണം കൂടുതലായിട്ടുള്ളത്. ഞായറാഴ്ച രണ്ടു ബിഹാറികളെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. കാഷ്മീരിൽ ഈ മാസം 11 സാധാരണക്കാരാണു ഭീകരർക്കിരയായത്. ശ്രീനഗറിലെ പ്രമുഖ ബിസിനസുകാരൻ മഖൻലാൽ ബിന്ദ്രൂവും രണ്ട് അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.