വിമതരെ വെട്ടി; കോണ്ഗ്രസ് ചിന്തൻ ശിബിർ സമാപിച്ചു
സെബി മാത്യു
Monday, May 16, 2022 2:09 AM IST
ന്യൂഡൽഹി: കോണ്ഗ്രസിനുള്ളിൽ അടിമുടി മാറ്റത്തിനും അഴിച്ചുപണികൾക്കുമായി മൂന്നുദിവസം ചൂടേറിയ ചർച്ചകൾ നടന്ന ചിന്തൻ ശിബിരത്തിനൊടുവിൽ വിമതനേതാക്കളുടെ സുപ്രധാന ആവശ്യം വെട്ടിയൊതുക്കി. കോണ്ഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റിക്കു പകരം മുൻകാലങ്ങളിലേതുപോലെ പാർലമെന്ററി ബോർഡ് വേണമെന്നായിരുന്നു ജി -23 നേതാക്കൾ അടക്കമുള്ളവരുടെ ആവശ്യം. എന്നാൽ, ഇന്നലെ ചേർന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം ഈ നിർദേശം തള്ളി.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യസമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നവരുടെ അധികാരപരിധി ചുരുങ്ങും എന്ന വിലയിരുത്തലിലാണ് പാർലമെന്ററി ബോർഡ് എന്ന നിർദേശം തള്ളിയത്. പാർട്ടി അധ്യക്ഷപദവിയിലിരിക്കുന്നവരെ സഹായിക്കുന്നതിനായി പ്രവർത്തകസമിതിക്കുള്ളിൽതന്നെ ഒരു ചെറിയ സമിതിയും രൂപീകരിക്കും. നേതാക്കളുടെ പരിശീലനത്തിനായി ദേശീയതലത്തിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. തെരഞ്ഞെടുപ്പു ചുമതലകൾക്കു മാത്രമായി പ്രത്യേക സംവിധാനമുണ്ടാകും. പാർട്ടിയുടെ ആശയവിനിമയ സംവിധാനവും അടിമുടി അഴിച്ചുപണിയും. പ്രവർത്തകർക്കു പരിശീലനം നൽകാനുള്ള പ്രാഥമിക കേന്ദ്രമായി കെപിസിസിയുടെ ചുമതലയിലുള്ള തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിനെ മാറ്റും.
കോണ്ഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടെ എല്ലാതലത്തിലും 50 വയസിൽ താഴെയുള്ളവർക്ക് 50 ശതമാനം പ്രാതിനിധ്യം നൽകും. മറ്റെല്ലാ പാർട്ടി തലങ്ങളിലും പദവികളിൽ ഇരിക്കുന്നവർക്ക് അഞ്ചുവർഷത്തെ കാലാവധി എന്ന സമയപരിധിയും നിശ്ചയിച്ചു. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നീ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. പക്ഷേ, ഗാന്ധികുടുംബത്തിൽനിന്നുള്ളവർക്ക് ഈ നിബന്ധനകളിൽ ഇളവുണ്ടായിരിക്കും. ഒരേ കുടുംബത്തിൽനിന്നു മറ്റൊരാൾക്കുകൂടി മത്സരിക്കണം എന്നുണ്ടെങ്കിൽ അവർ നിർബന്ധമായും കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവർ ആയിരിക്കണം. ഈ നിബന്ധനയാണ് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്ക് ഇളവായി മാറുന്നത്.
പാർട്ടിയുടെ ആഭ്യന്തര നവീകരണത്തിനായി കരുത്തുറ്റ കർമസമിതി ആവശ്യമാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. ചിന്തൻ ശിബിരത്തിൽ വിവിധ തലങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തതാണ്. അത്തരത്തിൽ ഒരു കർമസമിതിക്ക് രൂപം നൽകുമെന്നും സോണിയ വ്യക്തമാക്കി. സംഘടന ശക്തമാക്കുന്നതിലും സഖ്യ രൂപീകരണങ്ങളിലും സുപ്രധാനപങ്ക് വഹിക്കുന്ന ഈ കർമസമിതി പ്രധാനമായും 2024 പൊതു തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചായിരിക്കും പ്രവർത്തിക്കുക എന്നും സോണിയ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടു മുതൽ എല്ലാ ജില്ലകളിലും 75 കിലോമീറ്റർ വ്യാപിക്കുന്ന തരത്തിൽ കോണ്ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ കാഷ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് ജോഡോ യാത്ര നടത്തുമെന്നാണ് പാർട്ടി അധ്യക്ഷ സോണിയ പ്രഖ്യാപിച്ചത്. നേരത്തേ ആരംഭിച്ച ജൻ ജാഗ്രത അഭിയാന്റെ രണ്ടാം ഘട്ടവും ജൂണിൽ ആരംഭിക്കും. തൊഴിലില്ലായ്മ, വിലക്കയറ്റം മുതലായ വിഷയങ്ങൾ ഈ യാത്രയിൽ ഉയർത്തിക്കാട്ടുമെന്നും സോണിയ പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരത്തിൽ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരടക്കം 400 നേതാക്കളാണ് പങ്കെടുത്തത്. പാർട്ടിയുടെ ആഭ്യന്തര നവീകരണത്തിനായി നവ സങ്കൽപ് പ്രഖ്യാപനത്തിന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗീകാരം നൽകി. യോഗത്തെ അഭിസംബോധന ചെയ്ത സോണിയ പ്രതിബന്ധങ്ങളെയെല്ലാം നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും എന്നു മൂന്നുതവണ ആവർത്തിച്ച് ആഹ്വാനം നൽകി. ഒത്തൊരുമിച്ചും കരുത്താർജിച്ചും നമ്മൾ വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും സോണിയ പറഞ്ഞു.