മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപിക്ക്, തെലുങ്കാന കോൺഗ്രസിന്
Monday, December 4, 2023 1:59 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു നടന്ന സെമിഫൈനലിൽ ബിജെപിക്ക് അത്യുജ്വല വിജയം. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ വൻ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു. തെലുങ്കാനയിലെ വിജയം കോൺഗ്രസിന് നേരിയ ആശ്വാസം പകർന്നു.
പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി നേടിയത്. രാജസ്ഥാനിലെ വിജയം നേരത്തെതന്നെ ഉറപ്പിച്ചതായിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നു വിശേഷിപ്പിക്കപ്പെട്ട മധ്യപ്രദേശിൽ കോൺഗ്രസിനു വൻ തകർച്ച നേരിട്ടു. തെലുങ്കാന രൂപവത്കരണത്തിനുശേഷം ആദ്യമായി അധികാരത്തിലെത്താനായതാണു കോൺഗ്രസിന്റെ ആകെ നേട്ടം. ബിജെപിയുടേത് ഐതിഹാസിക വിജയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
മധ്യപ്രദേശ്
ബിജെപിതരംഗമായിരുന്നു മധ്യപ്രദേശിൽ കണ്ടത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് ശിവരാജ് സിംഗ് ചൗഹാൻ അധികാരം നിലനിർത്തിയത്. 230 അംഗ നിയമസഭയിൽ 165 സീറ്റ് നേടിയ ബിജെപി കോൺഗ്രസിനെ വെറും 64 സീറ്റിലൊതുക്കി. ഒരു സീറ്റ് ഭാരത് ആദിവാസി പാർട്ടി നേടി. കേന്ദ്രമന്ത്രിമാരടക്കം പല പ്രമുഖരും വിജയിച്ചിട്ടുണ്ടെങ്കിലും ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി തുടരാനാണു സാധ്യത.
കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മൃദു ഹിന്ദുത്വ സമീപനമൊന്നും മധ്യപ്രദേശിലെ ജനങ്ങളെ സ്വാധീനിച്ചില്ല. ജനപ്രിയ പദ്ധതികളും വോട്ട് നേടാൻ ബിജെപിയെ സഹായിച്ചു. ബിജെപി 48.55 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന്റെ വിഹിതം 40.40 ശതമാനമാണ്.
രാജസ്ഥാൻ
മുപ്പതു വർഷമായി ആർക്കും ഭരണത്തുടർച്ച നല്കാത്ത രാജസ്ഥാൻ ഇത്തവണയും പതിവു തെറ്റിച്ചില്ല. 200 അംഗ നിയമസഭയിൽ 115 അംഗങ്ങളുടെ പിന്തുണയുമായി ബിജെപി അധികാരം തിരിച്ചുപിടിച്ചു. കോൺഗ്രസ് 69 സീറ്റിലേക്കു പതിച്ചു. ഏതാനും ബിജെപി വിമതരും സ്വതന്ത്രരായി വിജയിച്ചിട്ടുണ്ട്. സിപിഎമ്മിനു രണ്ടു സിറ്റിംഗ് സീറ്റുകളും നഷ്ടമായി. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും പരാജയം രുചിച്ചു. മുഖ്യമന്ത്രിസ്ഥാനം ഗെഹ്ലോട്ട് രാജിവച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയാകാനാണു കൂടുതൽ സാധ്യത. വിമതശല്യം കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ വലച്ചു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ടു ശതമാനം മാത്രമാണ്.
തെലുങ്കാന
കെ. ചന്ദ്രശേഖർ റാവുവിന്റെ ഹാട്രിക് മോഹത്തിനു കോൺഗ്രസ് തടയിട്ടു. 119 അംഗ നിയമസഭയിൽ 64 പേരുടെ പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിച്ചു. കോൺഗ്രസിന്റെ വിജയശില്പിയായ പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകും. കോൺഗ്രസ് നേതാക്കൾ ഇന്നലെ രാത്രി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.
2018ൽ ഒരു സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ എട്ടു സീറ്റിൽ വിജയിക്കാനായി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഏഴു സീറ്റുമായി സ്വാധീനം നിലനിർത്തി. ജൂബിലി ഹിൽസ് മണ്ഡലത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ പരാജയപ്പെട്ടതു കോൺഗ്രസിനു തിരിച്ചടിയായി. ചന്ദ്രശേഖർ റാവുവും രേവന്ത് റെഡ്ഢിയും ഏറ്റുമുട്ടിയ കാമറെഡ്ഢിയിൽ ബിജെപി സ്ഥാനാർഥി വെങ്കട്ടരമണ റെഡ്ഢി വിജയിച്ചതു ശ്രദ്ധേയമായി.
ഛത്തീസ്ഗഡ്
ഏവരെയും അന്പരിപ്പിച്ച വിജയമാണു ഛത്തീസ്ഗഡിൽ ബിജെപി നേടിയത്. കോൺഗ്രസിനു തുടർഭരണമെന്നായിരുന്നു ഏതാണ്ട് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും. 90 അംഗ നിയമസഭയിൽ 54 സീറ്റോടെ ബിജെപി ഭരണത്തിലെത്തി.
കോൺഗ്രസിന് 35 സീറ്റാണുള്ളത്. ഒരു സീറ്റ് ഗോണ്ട്വാന ഗണതന്ത്ര പാർട്ടിക്കു കിട്ടി. ബിജെപി 46.27 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിനു കിട്ടിയത് 42.23 ശതമാനമാണ്. ആദിവാസി മേഖലകളിൽ കോൺഗ്രസിന് അടിപതറി.
ഛത്തീസ്ഗഡിൽ മികച്ച ഭരണം കാഴ്ചവച്ചിട്ടും അത് വോട്ടാക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനായില്ല. രമൺ സിംഗ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും.ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ്ദേവ് അംബികാപുരിൽ വെറും 94 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേറ്റിയ വോട്ടർമാർക്കു നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസികവും അപൂർവവുമായ വിജയമാണിതെന്നും എല്ലാ വോട്ടർമാർക്കും നന്ദിയെന്നും തന്റെ ഉത്തരവാദിത്തം കൂടിയെന്നും ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെ മോദി പറഞ്ഞു.
സർക്കാരിന്റെ അജൻഡകൾക്കും വികസനകാഴ്ചപ്പാടിനുമുള്ള ജനങ്ങളുടെ അംഗീകാരമാണിത്. ഈ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്ന് ആരോപിച്ച മോദി, തന്റെ മുന്നിൽ സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ജാതികളാണുള്ളതെന്നും വ്യക്തമാക്കി. “എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ പ്രവചനങ്ങൾ നടത്താറില്ല. എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പിന് മുന്പുതന്നെ രാജസ്ഥാനിലെ കോൺഗ്രസിന്റെ പരാജയം താൻ പ്രവചിച്ചിരുന്നു-മോദി പറഞ്ഞു. മധ്യപ്രദേശിൽ ബിജെപിക്കു ബദലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിലെ ജനം സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വിജയത്തിനായി പ്രയത്നിച്ച പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച മോദി, ബിജെപിയുടെ വികസന അജൻഡ ജനങ്ങളിലെത്തിക്കാൻ അവരുടെ പ്രവർത്തനം നിർണായകമായെന്നും ചൂണ്ടിക്കാട്ടി.
മിസോറമിൽ ഇന്നു വോട്ടെണ്ണൽ
മിസോറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. 40 സീറ്റുകളാണുള്ളത്. എംഎൻഎഫ്, സെഡ്പിഎം, കോൺഗ്രസ് കക്ഷികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന മിസോറമിൽ ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്സിറ്റ് പോൾ പ്രവചനം. സെഡ്പിഎം, കോൺഗ്രസ് കക്ഷികൾ സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ട്.