ബിജെപി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു ; 195 സ്ഥാനാർഥികൾ; മോദി വാരാണസിയിൽ
Sunday, March 3, 2024 1:58 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 195 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 34 കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കർ ഓം ബിർലയും മത്സരരംഗത്തുണ്ട്. 28 വനിതകളും 47 യുവാക്കളും 27 എസ്സി, 18 എസ്ടി, 57 ഒബിസി വിഭാഗക്കാരുമാണ് ആദ്യപട്ടികയിൽ.
ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറിൽനിന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്നോവിൽനിന്നും സ്മൃതി ഇറാനി അമേഠിയിൽനിന്നും ആരോഗ്യമന്ത്രി മണ്‍സുഖ് മണ്ഡവ്യ പോർബന്തറിൽനിന്നും മത്സരിക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽനിന്നും മത്സരരംഗത്തുണ്ട്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് സീറ്റില്ല. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ വിദിഷയിൽനിന്നും ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേവ് ത്രിപുര വെസ്റ്റിൽനിന്നുമാണ് മത്സരിക്കുന്നത്.
ഉത്തർപ്രദേശ് 51, പശ്ചിമബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലുങ്കാന ഒന്‍പത്, ആസാം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി അഞ്ച്, ജമ്മു കാഷ്മീർ രണ്ട്, ഉത്തരാഖണ്ഡ് മൂന്ന്, അരുണാചൽ പ്രദേശ് രണ്ട്, ഗോവ ഒന്ന്, ത്രിപുര ഒന്ന്, ആൻഡാമൻ നിക്കോബാർ ഒന്ന്, ദാമൻ ആൻഡ് ദിയു ഒന്ന് എന്നിങ്ങനെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
തലമുറമാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കൾക്കും യുവാക്കാൾക്കും ഒരുപോലെ പരിഗണന നൽകുന്നുണ്ട്. ആദ്യപട്ടികയിൽ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. സഖ്യ കക്ഷികളുമായി സീറ്റ് ചർച്ചകൾ നടക്കുന്നതിനാൽ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയായിട്ടില്ല.
പത്തനംതിട്ടയിൽ പി.സി. ജോർജ് സ്ഥാനാർഥിയാകുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പട്ടികയിൽ ഇല്ല. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനെയാണ് ഇത്തവണ കളത്തിൽ ഇറക്കുന്നത്.
ഡൽഹിയിലെ അഞ്ചു സ്ഥാനാർഥികളിൽ നാലു പേരും പുതുമുഖങ്ങളാണ്. അന്തരിച്ച മുൻ മന്ത്രി സുഷമ സ്വരാജിന്റെ പുത്രി ബൻസൂരി സ്വരാജിനും സീറ്റ് നൽകിയിട്ടുണ്ട്. ന്യൂഡൽഹി മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്.
മുൻ മന്ത്രി ഹർഷവർധനു പകരം ചാന്ദിനീ ചൗക്കിൽ പ്രവീണ്‍ ഖണ്ഡേവാലയാണ് സ്ഥാനാർഥി. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ സിറ്റിംഗ് മണ്ഡലമായ ഉത്തർപ്രദേശിലെ കൗസർഗഞ്ച് ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. മഥുരയിൽനിന്ന് ബോളിവുഡ് നടി ഹേമമാലിനി തന്നെയാണ് ജനവിധി തേടുന്നത്.
കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ
കാസർഗോഡ്- എം.എൽ. അശ്വിനി, കണ്ണൂർ- സി. രഘുനാഥ്, വടകര- പ്രഫുൽ കൃഷ്ണ, കോഴിക്കോട്- എം.ടി. രമേശ്, മലപ്പുറം- ഡോ. അബ്ദുൾ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യം, പാലക്കാട്- സി. കൃഷ്ണകുമാർ, തൃശൂർ- സുരേഷ് ഗോപി, ആലപ്പുഴ- ശോഭാ സുരേന്ദ്രൻ, പത്തനംതിട്ട- അനിൽ ആന്റണി, ആറ്റിങ്ങൽ- വി. മുരളീധരൻ, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരൻ.