വനമേഖലകളിൽ വാഹകശേഷി പഠനം നടത്തണം: ഗവർണർ സി.വി. ആനന്ദബോസ്
Tuesday, March 5, 2024 2:32 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും കേരളത്തിലും വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യക്കുരുതിയും തടയുന്നതിനു സഹായകമായ 14 ശിപാർശകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വന്യമൃഗ സംരക്ഷണ വകുപ്പ് തലവൻ കൂടിയായിരുന്നു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ്.
വന്യജീവിആക്രമണം ഏറിവരുന്ന വനമേഖലകളിൽ അടിയന്തരമായി വാഹകശേഷി പഠനം നടത്തണമെന്നതാണ് ആനന്ദബോസ് കേന്ദ്രത്തിന് സമർപ്പിച്ച പ്രധാന ശിപാർശ. ഓരോ വനമേഖലയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് പരിധിയുണ്ട്.
ഈ പരിധി കവിയുമ്പോഴാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. ഈ സാഹചര്യത്തിൽ പരിധിക്കപ്പുറമുള്ള മൃഗസമ്പത്തിനെ കാട്ടിനുള്ളിൽതന്നെ സുസ്ഥിരമായ രീതിയിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ പലതുണ്ട്. അത് എത്രയും വേഗം സ്വീകരിക്കണം - റിപ്പോർട്ടിൽ ആനന്ദബോസ് പറഞ്ഞു.