തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
Wednesday, April 24, 2024 2:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ മൗനം തുടരുന്നതിനിടെ വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്പോൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണം തട്ടിയെടുക്കാനും മുസ്ലിംകൾക്കു വിതരണം ചെയ്യാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ഇന്നലെ രാജസ്ഥാനിലെ മധോപുർ- ടോങ്കിൽ സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കവെ മോദി പറഞ്ഞു.
കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നതുപോലും കുറ്റമായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും കെട്ടുതാലിയും വരെ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്ന വിദ്വേഷപ്രസംഗം വിവാദമായതിനു പിന്നാലെയാണ് രാജസ്ഥാനിലെ മറ്റൊരു വേദിയിൽ ഇന്നലെ വീണ്ടും മുസ്ലിം വിരുദ്ധ പ്രസ്താവന മോദി കടുപ്പിച്ചത്.
“രാജസ്ഥാനിൽ കഴിഞ്ഞദിവസം ഞാൻ ചില സത്യങ്ങൾ രാജ്യത്തിനു മുന്നിൽ സമർപ്പിച്ചു. പിന്നാലെ കോണ്‍ഗ്രസ് ആകെയും ഇന്ത്യ സഖ്യവും പരിഭ്രാന്തിയിലായി. നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനും തെരഞ്ഞെടുത്ത ആളുകൾക്ക് അതു വിതരണം ചെയ്യാനും കോണ്‍ഗ്രസ് പാർട്ടി ഗൂഢാലോചന നടത്തുകയാണെന്ന സത്യമാണു പറഞ്ഞത്.
അവരുടെ രാഷ്ട്രീയം ഞാൻ തുറന്നുകാട്ടിയപ്പോൾ, അവർ രോഷാകുലരായി. മോദിയെ അധിക്ഷേപിക്കാൻ തുടങ്ങി’’-മോദി തുറന്നടിച്ചു. നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനും തെരഞ്ഞെടുത്ത ആളുകൾക്ക് വിതരണം ചെയ്യാനും കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്ന് ആവർത്തിച്ചു പറയാനും മോദി മടിച്ചില്ല.
“ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടിയുള്ള സംവരണം വെട്ടിക്കുറച്ച് സമൂഹത്തിലെ ഒരു വിഭാഗത്തിന് സംവരണം നൽകാൻ അവർ (കോണ്‍ഗ്രസ്) ആഗ്രഹിച്ചു.
അതു ഭരണഘടനയ്ക്കു വിരുദ്ധമാണ്. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഗോത്രവർഗക്കാർക്കും ഡോ. ബാബാ സാഹേബ് നൽകിയ സംവരണാവകാശങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ന്യൂനപക്ഷങ്ങൾക്കു നൽകാനാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ആഗ്രഹിച്ചത്’’- മോദി ആരോപിച്ചു.
രാജസ്ഥാനിലെ ബൻസാരയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള ഇന്ത്യ സഖ്യം പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയതിനു പിന്നാലെയാണ് മുസ്ലിം വിരുദ്ധത മോദി ആവർത്തിച്ചത്.
പട്ടികജാതി, വർഗ, പിന്നാക്ക സംവരണം കൂടി തട്ടിയെടുത്ത് മുസ്ലിംകൾക്കു കൊടുക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന പ്രസ്താവന വലിയതോതിൽ ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നാണു ബിജെപിയുടെ വിലയിരുത്തൽ.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ന്യൂസ് ചാനലുകളിലെ ക്ലിപ്പിംഗുകളും പത്രങ്ങളിൽ വന്ന വാർത്തകളും ഹാജരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ നിർദേശിച്ചു.
ഹിന്ദിയിലുള്ള മോദിയുടെ പ്രസംഗത്തിന്റെ പൂർണരൂപം പ്രിന്റ് ചെയ്തു നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ, വിവാദ പ്രസംഗത്തിനെതിരേ എന്തെങ്കിലും നടപടിയോ താക്കീതോ നൽകുന്നതിനെക്കുറിച്ച് സൂചന പോലും കമ്മീഷൻ നൽകിയതുമില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗത തുടരുന്നതിനിടെയാണ് ഒരു ന്യൂനപക്ഷ സമുദായത്തെ പേരെടുത്തു പറഞ്ഞ് മോദി നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പു റാലികളിൽ മോദി നടത്തുന്ന വിദ്വേഷപ്രസംഗങ്ങൾ വിദേശമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.