ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി മലിവാൾ
Thursday, May 23, 2024 2:40 AM IST
ന്യൂഡൽഹി: തനിക്കെതിരേ അപകീർത്തി പ്രചാരണം നടത്താൻ നേതാക്കൾക്കുമേൽ സമ്മർദമുണ്ടെന്ന് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ.
കഴിഞ്ഞദിവസം ഒരു മുതിർന്ന നേതാവ് ഫോണിൽ വിളിച്ചതായും തനിക്കെതിരേ മോശം പരാമർശങ്ങൾ നടത്താനും സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിടാനും സമ്മർദമുള്ളതായും അദ്ദേഹം പറഞ്ഞതായി സ്വാതി ആരോപിച്ചു. തന്നെ പിന്തുണയ്ക്കുന്ന എല്ലാവരെയും പാർട്ടിയിൽനിന്നു പുറത്താക്കാനാണ് സാധ്യതയെന്നും സ്വാതി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
പത്രസമ്മേളനങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്നും ഇതിനായി പല ആളുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ടെന്നും സ്വാതി പറഞ്ഞു.
മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും എന്നാൽ സത്യം തന്നോടൊപ്പമാണെന്നും ഇവയെല്ലാം ഒറ്റയ്ക്കു നേരിടുമെന്നും സ്വാതി പറഞ്ഞു.
കഴിഞ്ഞ 13നാണ് സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎ വൈഭവ് കുമാർ ആക്രമിച്ചു എന്ന ആരോപണം പുറത്തുവരുന്നത്. സംഭവത്തിൽ സ്വാതി പോലീസിൽ പരാതി നൽകുകയും തുടർന്ന് 18ന് വൈഭവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വൈഭവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേജരിവാളടക്കമുള്ള പാർട്ടി നേതാക്കൾ ഞായറാഴ്ച ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് സ്വാതി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ആം ആദ്മി നേതാക്കൾ കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കേജരിവാളിന്റെ ഔദ്യോഗിക വസതിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു.