കാബൂൾ മുനിസിപ്പാലിറ്റിയിൽ സ്ത്രീജീവനക്കാരെ കയറ്റാതെ താലിബാൻ
Monday, September 20, 2021 12:19 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകൾക്കെതിരേയുള്ള നിയന്ത്രണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. കാബൂൾ മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാരോട് വീട്ടിൽ തുടരാൻ നിർദേശിച്ചതാണ് ഒടുവിലത്തേത്.
പുരുഷജീവനക്കാരെ നിയോഗിക്കാൻ പറ്റാത്ത ഇടങ്ങളിൽമാത്രം സ്ത്രീകളെ അനുവദിക്കാനാണ് തീരുമാനം. ഇതോടെ മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം സ്ത്രീ ജീവനക്കാർക്കും ജോലിയിൽ തുടരാനാവില്ലെന്നു വ്യക്തമായി.
രാജ്യഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും പലയിടത്തും വിവേചനം ഏർപ്പെടുത്തിയിരുന്നു. ആൺകുട്ടികൾക്കായി സ്കൂളുകൾ തുറന്നുവെങ്കിലും രാജ്യത്തെ ഹൈസ്കൂളിലും മിഡിൽസ്കൂളുകളിലും പെൺകുട്ടികളെ വിലക്കിയിരിക്കുകയാണ്.
സർവകലാശാലകളിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചാണ് ഇരുത്തുന്നത്. പെൺകുട്ടികൾ ഇസ്ലാമികവേഷം കർക്കശമായി പിന്തുടരണം.
ഒന്നാം താലിബാൻ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്ക് ജോലിസ്ഥലത്ത് സന്പൂർണവിലക്കായിരുന്നു. പെൺകുട്ടികൾക്ക് പഠിക്കാനും അനുവാദമില്ലായിരുന്നു.
വനിതാമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാർക്ക് കഴിഞ്ഞദിവസം താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മന്ത്രാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു പുരുഷന്മാരെ മാത്രമേ ഇനി മുതൽ പ്രവേശിപ്പിക്കൂ എന്നാണ് അറിയിപ്പ്.