ഗാസയിലെ ഇസ്രയേൽ നടപടികൾ ; യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് സൂചന
Tuesday, August 5, 2025 11:44 PM IST
ജറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിലെ മുൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനു പിന്നാലെ കൂടുതൽ സൈനിക നടപടികളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
നീണ്ടുപോകുന്ന യുദ്ധം രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും നഷ്ടമാകുന്ന തലത്തിലേക്കാണു പോകുന്നതെന്ന് മുൻ സുരക്ഷാ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.
നെതന്യാഹുവിന്റെ ലക്ഷ്യങ്ങൾ ഭ്രമകൽപന മാത്രമാണെന്നും എല്ലാ ഭീകരരെയും ഇല്ലാതാക്കി ബന്ദികളെ തിരികെക്കൊണ്ടുവരാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വാരം സുരക്ഷാ ക്യാബിനറ്റ് ചേരുന്പോൾ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകുമെന്നാണു സൂചന.
മുന്നോട്ടുള്ള പാതയെ സംബന്ധിച്ച് നെതന്യാഹുവും ആർമി ചീഫ് ലെഫ്: ജനറൽ എയാൽ സമീറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്നു.
ഗാസ പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യം ബന്ദികളെ അപകടപ്പെടുത്തുകയും ആഗോളതലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണ് എയാൽ സമീറിന്റെ പക്ഷം.
അതേസമയം, ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്ന കൂടുതൽ പലസ്തീനികൾ ഇന്നലെ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
സഹായ വിതരണം കാര്യക്ഷമമാക്കാൻ ഗാസയിലെ പ്രാദേശിക കച്ചവടക്കാരുമായി കൈകോർക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്.