ആണവകരാർ; ഇറാന് മുന്നറിയിപ്പുമായി യൂറോപ്യൻ ശക്തികൾ
Thursday, August 14, 2025 4:07 AM IST
ലണ്ടൻ: ഈ മാസം അവസാനത്തോടെ ആണവചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് യൂറോപ്യൻ ശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവർ വീണ്ടും മുന്നറിയിപ്പു നൽകി. 2015നു മുന്‍പുണ്ടായിരുന്ന ഉപരോധങ്ങൾ വീണ്ടും ചുമത്താൻ തയാറെടുത്തതായി മൂന്നു രാജ്യങ്ങളും വ്യക്തമാക്കി.
അതേസമയം, ചർച്ച നടത്താമെന്ന വാഗ്ദാനത്തോടു ക്രിയാത്മകമായി പ്രതികരിക്കാൻ ഇറാൻ തയാറായിട്ടില്ല. കഴിഞ്ഞമാസം ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ പ്രാഥമിക ചർച്ച നടന്നിരുന്നു. സമാധാന ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗപ്പെടുത്താനുള്ള ഇറാന്റെ അവകാശം അംഗീകരിക്കാതെ കൂടുതൽ ചർച്ചകൾക്കില്ലെന്നും വ്യക്തമാക്കി.
2015ലുണ്ടാക്കിയ ആണവകരാർ പ്രകാരമാണ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടത്. കരാറിന്റെ സാധുത അടുത്തമാസം അവസാനിക്കും. കരാർ വീണ്ടും പുതുക്കിയില്ലെങ്കിൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണു യൂറോപ്യൻ ശക്തികൾ വ്യക്തമാക്കിയിരിക്കുന്നത്.