ബിജോ സില്‍വറി

കൊച്ചി: സ്റാര്‍ട്ട്അപ് രംഗത്ത് കേരളത്തില്‍ നടക്കുന്ന വിപ്ളവത്തിന് അടിവരയിട്ടു ഗ്രാമീണ മേഖലയിലെ മൂന്നാമത്തെ ടെക്നോ ലോഡ്ജിനു മൂവാറ്റുപുഴയില്‍ അടുത്ത മാസം തുടക്കമാകും. മൂവാറ്റുപുഴ മണ്ണൂര്‍ ക്രൈസ്റ് നോളജ് സിറ്റി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ജ് കേരളത്തിലെ എന്‍ജിനിയറിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റൂറല്‍ ഐടി പാര്‍ക്കാണ്. ഗ്രാമീണ മേഖലകളില്‍ നവസംരംഭകരെ സൃഷ്ടിക്കാനുള്ള കേരള സ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പദ്ധതിയാണ് ടെക്നോ ലോഡ്ജ്. കുറഞ്ഞ ചെലവില്‍ പുതിയ സംരംഭകര്‍ക്കു വേണ്ട സൌകര്യങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളത്തെ കാക്കൂരും കണ്ണൂരുമാണ് മറ്റു രണ്ടു ടെക്നോ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്.

സ്റാര്‍ട്ടപ്പുകള്‍ക്കു വളക്കൂറുള്ള നഗര മേഖലകളില്‍ നിന്നു താരതമ്യേന പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെയാണ് ടെക്നോ ലോഡ്ജ് ലക്ഷ്യമിടുന്നത്. 10,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന മൂവാറ്റപുഴയിലെ ഐടി പാര്‍ക്കില്‍ 15 കമ്പനികള്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നാലു കമ്പനികള്‍ വനിതാ സംരംഭകരുടേതാണ്. പരമ്പരാഗത ഭക്ഷണപദാര്‍ഥങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മുതല്‍ വെബ്ഡിസൈനിംഗും മാര്‍ക്കറ്റിംഗും പരസ്യസംരംഭങ്ങളും വനിതകളുടേതു മാത്രമായുണ്ട്. ടെഫ്രാനോവ എന്ന കമ്പനി ഐടി മേഖലയിലെ വനിതാ മുന്നേറ്റങ്ങള്‍ക്കു സാക്ഷ്യമാകുന്നു. വെബ് ഡിസൈനിംഗ്, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ്, വെബ് ഡെവലപ്മെന്റ്, ഹോസ്റിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ കമ്പനി ലഭ്യമാക്കുന്നു.


വിവാഹം, കോണ്‍ഫറന്‍സുകള്‍, പ്രൊഡക്ട് ലോഞ്ചിംഗ് തുടങ്ങിയവ കലാപരമായി ചെയ്യുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ കൂട്ടായ്മയാണ് വീനസ് ഇവന്റ്സ്.

വ്യക്തമായ ആശയങ്ങളോടുകൂടി വരുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങിയ സൌകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ലഭ്യമാക്കുന്നുണ്െടന്നു സിഇഒ രോഹിണി പോള്‍ പറഞ്ഞു.

ഓഫീസ് സ്ഥലത്തിനുവേണ്ടിയുള്ള മുന്‍കൂര്‍ സെക്യൂരിറ്റി തുക, വാടക എന്നിവയ്ക്കു പുറമെ വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍, ഫര്‍ണിഷിംഗിനുള്ള ചെലവ് തുടങ്ങിയവ അതില്‍ പ്രധാനമാണ്. ഈ സൌകര്യങ്ങളെല്ലാം കുറഞ്ഞ ചെലവില്‍ ടെക്നോ ലോഡ്ജില്‍ ലഭ്യമാക്കും.

ആഴ്ചതോറും ഇന്‍വെസ്റേഴ്സ് മീറ്റ്, സംരംഭകത്വ അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങി സംരഭകര്‍ക്കു വേണ്ടിയുള്ള വിവിധ സെമിനാറുകളും ഇവിടെ നടത്തും. നിയമസേവനം നല്‍കാനായി ലീഗല്‍ സ്ഥാപനവും പ്രവര്‍ത്തിക്കും. സംരംഭങ്ങളുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ നിയമപ്രശ്നങ്ങളും ഈ കമ്പനി ഏറ്റെടുക്കുന്നതിലൂടെ സംരംഭകര്‍ക്ക് ബിസിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നുംരോഹിണി പോള്‍ പറഞ്ഞു.