ശ്രീജിവ് കസ്റ്റഡിയിൽ മരിച്ചതു മർദനം മൂലം: പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി
Tuesday, May 17, 2016 12:39 PM IST
കൊച്ചി: നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൻപുത്തൻവീട്ടിൽ ശ്രീജിവ് (27) കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന പാറശാല പോലീസിന്റെ വാദം പച്ചക്കള്ളമാണെന്നും മരണം പോലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്നാണെന്നും സംസ്‌ഥാന പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും കൊലപാതകത്തിനു കേസെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കസ്റ്റഡിയിലിരിക്കെ പ്രതി അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന പോലീസ് വാദം തെറ്റാണെന്ന് അഥോറിറ്റി കണ്ടെത്തി. മോഷണ കേസിൽ 2014 മേയ് 19ന് രാത്രി 11.30ന് പൂവാറിൽനിന്ന് പാറശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ വിഷം കഴിച്ചെന്നു പറഞ്ഞ് അവശനിലയിൽ 20ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയും 21ന് മരിക്കുകയും ചെയ്തു. പൂവാറിൽ നിന്ന് പാറശാലയിലേക്കുള്ള യാത്രയിൽ പോലീസ് വാഹനത്തിലിട്ട് മർദിച്ചതു സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു.

കസ്റ്റഡിയിലിരിക്കെ ശ്രീജിവ് അടിവസ്ത്രത്തിലൊളിപ്പിച്ചിരുന്ന ഫ്യുറഡാൻ വിഷം കഴിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും വൃഷണങ്ങൾ മർദനമേറ്റു വീർത്തനിലയിലായിരുന്നുവെന്നും സഹോദരൻ ശ്രീജിത് പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ശ്രീജിവിനോടു സംസാരിക്കാനോ അടുത്തു പോകാനോ പോലീസ് അനുവദിച്ചില്ല. വിഷം കഴിച്ചയാൾക്കു നൽകുന്ന പ്രതിരോധമരുന്ന് അളവിൽ കൂടുതൽ നൽകി. രക്‌തംകലർന്ന മൂത്രമാണ് പുറത്തെത്തിയത്. കൈകാലുകൾ രണ്ടും കട്ടിലിൽ ബന്ധിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശത്തിന്റെ അളവ് കണ്ടെത്താനായില്ല. ശ്രീജിവിന്റേതായി പോലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നു തെളിഞ്ഞു.

കൂലിപ്പണിക്കാരനായിരുന്ന ശ്രീജിവ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ വിവാഹം നടക്കുന്നതിന്റെ തലേന്നു രാത്രിയിലാണ് ശ്രീജിവിനെ പഴയ കേസിന്റെ പേരിൽ പൂവാറിൽനിന്ന് അറസ്റ്റു ചെയ്തത്. ശ്രീജിവ് ഇനി പൂഴികുന്ന് കാണില്ലെന്ന് ശ്രീജിവിന്റെ മാതാവിനെ പെൺകുട്ടിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ബന്ധുവും എഎസ്ഐയുമായിരുന്ന ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് ശ്രീജിവിനെ അറസ്റ്റു ചെയ്തത്.

പാറശാല സിഐയായിരുന്ന ഗോപകുമാർ, എഎസ്ഐ ഫിലിപ്പോസ് എന്നിവർക്ക് ശ്രീജിവിന്റെ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അഥോറിറ്റി കണ്ടെത്തി. സീനിയർ സിപിഒ പ്രതാപചന്ദ്രൻ, എഎസ്ഐ വിജയദാസ് എന്നിവരും ഇവർക്കു കൂട്ടുനിന്നു. എസ്ഐ ഡി. ബിജു വ്യാജ രേഖകളുണ്ടാക്കാൻ സഹായിച്ചു. ഇവർക്കെതിരേ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പത്തു ദിവസത്തിനകം അന്വേഷണം ആരംഭിക്കണം. ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്, അമ്മ രമണി എന്നിവർക്കു നഷ്ടപരിഹാരത്തുക നൽകാൻ സർക്കാർ തയാറാകണം. സാക്ഷികളില്ലാതിരുന്ന കേസിൽ ഫോറൻസിക്, ക്രിമിനോളജി വിദഗ്ധരുടെ ഉപദേശവും മെഡിക്കൽ രേഖകളും പരിശോധിച്ചാണ് പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി തീർപ്പു കല്പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.