തുറന്നിടുന്നതു വികസനകവാടം: കേന്ദ്രമന്ത്രി സുരേഷ് പ്രഭു
Monday, December 10, 2018 1:58 AM IST
കണ്ണൂർ: വ്യോമഗതാഗതത്തോടൊപ്പം വികസനത്തിന്റെ കൂടി കവാടമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിലൂടെ തുറന്നിരിക്കുന്നതെന്നു വ്യോമയാനമന്ത്രി സുരേഷ് പ്രഭു. ഭാവികൂടി മുന്നിൽക്കണ്ടുകൊണ്ടുള്ള നിർമാണമാണ് കണ്ണൂരിലേത്.
ഇത് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണ്. രാജ്യത്തെ വ്യോമയാന മേഖല വൻ മുന്നേറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 8000 കോടി ഡോളർ (അഞ്ചുലക്ഷത്തി അറുപത്തെണ്ണായിരം കോടി രൂപ) വിദേശനാണ്യം പ്രവാസികൾ രാജ്യത്തിന് നേടിത്തരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. ഇതിൽ മൃഗീയ ഭൂരിപക്ഷവും മലയാളി പ്രവാസികളുടെ സംഭാവനയാണ്.
പ്രതികൂല സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന ഇവർക്ക് നാട്ടിൽ വരാനും കുടുംബത്തെ സന്ദർശിക്കാനും സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനമാണെന്നും സുരേഷ് പ്രഭു പറഞ്ഞു.
കേരളത്തിന്റെ ടൂറിസം വികസനത്തിനും കയറ്റുമതിയുടെ വളർച്ചയ്ക്കും വിമാനത്താവളങ്ങൾ സഹായകമാകും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.