ഇ-ഗവേണൻസ് വന്നതോടെ ഭരണരംഗത്തു സുതാര്യത വർധിച്ചു: ക്രിസ്റ്റി ഫെർണാണ്ടസ്
Friday, January 18, 2019 11:45 PM IST
കൊച്ചി: ഇ-ഗവേണൻസ്, ഇ-കൊമേഴ്സ്, ഇ-പേയ്മെന്റ് തുടങ്ങിയവ വന്നതോടെ ഭരണരംഗത്തു സുതാര്യത വർധിക്കുകയും വേഗതയേറുകയും അഴിമതി കുറയുകയും ചെയ്തതായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) കേരള ഡിജിറ്റൽ ഉച്ചകോടി- 2019 കാക്കനാട് ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മുഖഛായതന്നെ മാറിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ടെക്നോളജി വ്യാപകമാകുന്ന കാര്യത്തിൽ ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്. നഗരങ്ങളിൽ ഇന്റർനെറ്റ് മിക്കയിടത്തും ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലയിൽ ഇപ്പോഴും കേവലം ആറു ശതമാനം സാന്നിധ്യമേയുള്ളൂ. കർഷകർക്കും കച്ചവടക്കാർക്കും വിദ്യാർഥികൾക്കുമൊക്കെ ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം സഹായകമായി എന്നതു പരിശോധിക്കേണ്ട വിഷയമാണ്.
ഡിജിറ്റൽ ഇന്ത്യയുടെ പ്രയോജനം പാവപ്പെട്ടവരടക്കം, രാജ്യത്തെ എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ലഭ്യമാകണം. ഇക്കാര്യത്തിൽ ഈരംഗത്തു പ്രവർത്തിക്കുന്ന യുവജനങ്ങളുടെ ഇടപെടലും സംഭാവനകളും അനിവാര്യമാണ്.
ഫലപ്രദമായ നയരൂപീകരണത്തിലും അതിന്റെ നടപ്പാക്കലിലും യുവ ടെക്നോക്രാറ്റുകൾ പങ്കാളിത്തം വഹിക്കണം. സാന്പത്തിക നേട്ടം മാത്രം ലക്ഷ്യം വയ്ക്കാതെ സാമൂഹ്യ സംരംഭകരാകണം -ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് നിർദേശിച്ചു.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് വിശാൽ എ. കൻവതി മുഖ്യപ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് ദിനേശ് പി. തന്പി അധ്യക്ഷത വഹിച്ചു. സി.എസ്. കർത്താ, വി. ജോർജ് ആന്റണി എന്നിവർ പ്രസംഗിച്ചു. ഒട്ടേറെ വിഷയങ്ങൾ വിദഗ്ധരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. പ്രഫ. ഡോ. സജി ഗോപിനാഥ് സമാപന പ്രസംഗം നടത്തി.