വിജയരാഘവനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: രമേശ് ചെന്നിത്തല
Sunday, April 21, 2019 2:55 AM IST
മട്ടന്നൂർ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവനെതിരേ കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവനെതിരായ നിയമനടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല മട്ടന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
രമ്യാ ഹരിദാസിനെ അപമാനിച്ചെന്ന പരാതിയിൽ കേസ് എടുക്കേണ്ടതില്ലെന്നാണു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പോലീസിനു നല്കിയ നിയമോപദേശം. എ. വിജയരാഘവൻ തെറ്റുചെയ്തിട്ടില്ലെന്നു നിയമോപദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കേസെടുക്കേണ്ടതില്ലെന്നു പോലീസ് തീരുമാനിച്ചത്. തെറ്റായ നടപടിയാണു പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പോലീസിനെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പോലീസിനെ ഉപയോഗിച്ചു എം.കെ. രാഘവനെയും കെ. സുധാകരനെയും വേട്ടയാടുകയാണ്. പോലീസിനെ ദുരുപയോഗം ചെയ്യുന്നതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.