വൈദ്യുതകന്പി പൊട്ടി ദേഹത്തുവീണു ഷോക്കേറ്റ് യുവാവ് മരിച്ചു
Monday, May 27, 2019 12:24 AM IST
ചിങ്ങവനം: പൊട്ടി വീണ വൈദ്യുത കന്പിയിൽനിന്നു ഷോക്കേറ്റ പെയ്ന്റിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനത്തു വാടകയ്ക്കു താമസിക്കുന്ന കാസർകോഡ് സ്വദേശി സന്തോഷ്(43) ആണ് മരിച്ചത്. ചിങ്ങവനം മാർക്കറ്റ് റോഡിനു സമീപമുള്ള ഇടവഴിയിൽ സന്തോഷിന്റെ ശരീരരത്തിലേക്കു വൈദ്യുതി കന്പി പൊട്ടിവീണു കിടക്കുന്ന നിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വാടക വീട്ടിൽ സന്തോഷും ഭാര്യയും മാത്രമായിരുന്നു താമസം.
ശനിയാഴ്ച രാത്രി ഏഴോടെ വീട്ടിൽനിന്നു പുറത്തു പോയതായിരുന്നു സന്തോഷ്. ഇന്നലെ രാവിലെ ആറിനു നാട്ടുകാരാണു ശരീരത്തിൽ പൊട്ടി വീണ കന്പിയുമായി കമിഴ്ന്നു കിടക്കുന്ന നിലയിൽ സന്തോഷിനെ കണ്ടെത്തിയത്. ഉടൻതന്നെ കഐസ്ഇബി അധികൃതരെയും ചിങ്ങവനം പോലീസിനെയും വിവരമറിയിച്ചു. കഐസ്ഇബി ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം പോലീസ് സന്തോഷിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടർന്ന് മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിക്കുകയായിരുന്നു.
സമീപത്തുള്ള വീട്ടിൽ സ്കൂട്ടർ വച്ചതിനു ശേഷം ഇടവഴിയിലൂടെ നടന്നു വരുന്നതിനിടയിൽ വൈദ്യുതി കന്പി പൊട്ടി വീണതാകാമെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. അഞ്ചടി വീതിയിലുള്ള റോഡിന്റെ വശത്തെ ഉയർന്ന പറന്പിൽനിന്നു മഴയത്തു വാഴ ചെരിഞ്ഞു കന്പിയിലേക്കു വീണതുമൂലമാണ് അപകടം. തുടർന്നു രണ്ടു കന്പികളും കൂട്ടിമുട്ടി കത്തി പൊട്ടിവീഴുകയായിരുന്നുവെന്നു കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ അനൂപ് രാജ് പറഞ്ഞു.