ട്രാഫിക് എന്‍ഫോഴ്സ്മെന്റിന് കൂടുതൽ അധികാരങ്ങൾ
Saturday, July 13, 2019 1:12 AM IST
കോഴിക്കോട്: സംസ്ഥാന പോലീസിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്റിന്റെ ഉത്തരവാദിത്വം പുനഃക്രമീകരിച്ചു. വാഹന പരിശോധനയ്ക്കും മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍ക്കും പുറമേ, ഐപിസി കേസുകളും ഇനി മുതല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് കൈകാര്യം ചെയ്യും. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട രണ്ടു വകുപ്പുകള്‍ കൂടി കൈകാര്യം ചെയ്യണമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്.
കഴിഞ്ഞ വര്‍ഷം മുതലാണ് വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷിക്കുന്നതും അതത് ലോക്കല്‍ പോലീസിന്റെ ചുമതലയാക്കികൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. അന്നുമുതല്‍ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന് എന്നറിയപ്പെട്ടിരുന്നവ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള രണ്ടു വകുപ്പുകളിലുള്ള കേസുകൾ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമേ ട്രാഫിക് എന്‍ഫോഴ്സ്മെന്റിന് നല്കിയിരുന്നുള്ളൂ.
അശ്രദ്ധമായും അപകടകരമായ വിധത്തിലും വാഹനമോടിച്ചാല്‍ മോട്ടോർ വാഹന ആക്ട് 184 പ്രകാരവും, മദ്യപിച്ച് വാഹനമോടിച്ചാൽ 185 പ്രകാരവുമുള്ള കേസുകള്‍ മാത്രമായിരുന്നു എന്‍ഫോഴ്സ്മെന്റ് പരിധിയിൽ ഉണ്ടായിരുന്നത്.