ശബരിമലയിലെ റവന്യുവകുപ്പിന്റെ സംയുക്ത സര്‍വേ തടഞ്ഞു
Thursday, August 22, 2019 12:21 AM IST
കൊച്ചി: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ റവന്യു വകുപ്പ് നിര്‍ദേശിച്ച സംയുക്ത സര്‍വേ നടപടികള്‍ 29 വരെ ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള സര്‍വേ നടപടികള്‍ തുടരുന്നതിനിടെ മറ്റൊരു സര്‍വേ നടത്താന്‍ ഉത്തരവിട്ടതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയാണ് ജസ്റ്റീസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി വാദം കേള്‍ക്കുന്ന കേസില്‍ സര്‍ക്കാരിന് എങ്ങനെയാണ് സര്‍വേ നടത്താന്‍ ഉത്തരവിടാനാവുന്നതെന്നു ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. ശബരിമലയില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു സംയുക്ത സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇതില്‍ അഭിഭാഷക കമ്മീഷനായി അഡ്വ. എ.ആര്.എസ്. കുറുപ്പിനെ നിയോഗിച്ചിരുന്നു. ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശപ്രകാരം ശബരിമല സന്നിധാനം, കുന്നാര്‍ എന്നിവിടങ്ങളില്‍ സര്‍വേ നടത്തി ഇടക്കാല റിപ്പോര്‍ട്ട് അഭിഭാഷക കമ്മീഷന് നല്‍കിയിരുന്നു. നിലയ്ക്കലിലെ സര്‍വേ പൂര്‍ത്തിയായി വരികയാണെന്നും ഇതിനിടെയാണ് ഓഗസ്റ്റ് ആറിനു വീണ്ടും സംയുക്ത സര്‍വേ നടത്താന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതെന്നും അഭിഭാഷക കമ്മീഷന് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ സംയുക്ത സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റവന്യു, വനം വകുപ്പുകള്‍ ചേര്‍ന്നുള്ള സര്‍വേയില്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്താനാണു നിര്‍ദേശമെന്നും കമ്മീഷന് വ്യക്തമാക്കി. തുടര്‍ന്നാണു സര്‍വേ നടപടി ഹൈക്കോടതി തടഞ്ഞത്.