സഭയ്ക്കും നാടിനും സമുദായത്തിനും നന്മചെയ്യുന്നവരാകാൻ യുവാക്കൾക്കു കഴിയണം: മാർ മാത്യു മൂലക്കാട്ട്
Tuesday, September 10, 2019 11:33 PM IST
കടുത്തുരുത്തി: പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും ജീവിച്ചുകൊണ്ടു സഭയ്ക്കും നാടിനും സമുദായത്തിനും നന്മചെയ്യുന്നവരായിത്തീരാൻ യുവാക്കൾക്കു കഴിയണമെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ക്നാനായ യുവജന ആഗോള സമ്മേളനം ഐക്യം -2019 ന്റെ സമാപന സമ്മേളനം കടുത്തുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്. ജീവിതത്തിലുണ്ടാകുന്ന തടസങ്ങളും പ്രതിസന്ധികളും അടിയുറച്ച ദൈവവിശ്വാസത്താലും തീഷ്ണമായ പ്രാർഥനയാലും മറികടക്കാൻ കഴിയണമെന്നും ആർച്ച്ബിഷപ് ഉപദേശിച്ചു. ദൈവം തെരഞ്ഞെടുത്ത ജനത്തിന് ദൈവത്തോടും സഭയോടും ഉത്തരവാദിത്വങ്ങളും കടമയും ഉണ്ടെന്നത് മറക്കരുതെന്നും മാർ മൂലക്കാട്ട് ഓർമിപ്പിച്ചു.
കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ബിബിഷ് ജോസ് ഓലിക്കാമുറിയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി, ജനറൽ കണ്വീനറും കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളി വികാരിയുമായ ഫാ. അബ്രഹാം പറന്പേട്ട്, മലങ്കര റീജിയൻ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ, കെസിവൈഎൽ ചാപ്ലയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ. മേഴ്സി ജോണ് മൂലക്കാട്ട്, ഫാ. ബിബിൻ കണ്ടോത്ത്, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, എസ്എംവൈഎം കേരള റീജിയൻ ജനറൽ സെക്രട്ടറി മെൽബിൻ തോമസ്, കെസിവൈഎൽ അതിരൂപത സെക്രട്ടറി ജോമി ജോസ് കൈപ്പാറേട്ട്, കെസിവൈഎൽ കടുത്തുരുത്തി ഫൊറോനാ പ്രസിഡന്റ് ചിക്കു ചാക്കോ എന്നിവർ പ്രസംഗിച്ചു.
സമാപനദിനമായ ഇന്നലെ മാർ ജോസഫ് പണ്ടാരശേരിൽ, ബ്രദർ മാരിയോ ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. സിനിമാ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ വിശിഷ്ടാതിഥിയായി സംഗമത്തിൽ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽനിന്നുമായി യുവജനങ്ങൾ ഉൾപ്പെടെ 2000 ത്തോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്.