മിന്നും താരങ്ങളായ് പെൺപുലികൾ
Sunday, September 15, 2019 12:05 AM IST
തൃശൂർ: പുലിക്കളിയിൽ മിന്നുംതാരങ്ങളായ് മൂന്നു പെൺപുലികൾ. ഇവരുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും വൈറലായി.
വാടാനപ്പിള്ളി സ്വദേശിനി താരയും കുണ്ടുകാട് സ്വദേശിനി ഗീതയും കൊച്ചിയിൽനിന്നെത്തിയ പാർവതിയുമാണ് ഈ വർഷത്തെ പുലിക്കളിയിൽ താരങ്ങളായത്.വരയും പുള്ളിയുമുള്ള പുലിവേഷമണിഞ്ഞാണ് ഇവർ ചുവടുവച്ചത്.
ആദ്യമായി പുലിക്കളിയിൽ പെണ്‍പുലികൾക്ക് ഇടം കൊടുത്ത വിയ്യൂരിനൊപ്പംതന്നെയാണ് ഇത്തവണ വീണ്ടും പെണ്പുലികൾക്കു സൗകര്യം നൽകിയത്.
നിർമാണത്തൊഴിലാളിയായ താരയും ടെയ്ലറായ ഗീതയും നർത്തകിയും മോഡലുമായ പാർവതിയും വീട്ടിലിരുന്ന് യൂട്യൂബിലൂടെ പുലിക്കളിയുടെ ചുവടുകൾ സ്വയം പരിശീലിച്ചതിനൊപ്പം തിരുവോണത്തിനു വിയ്യൂരിലെത്തി സംഘത്തിനൊപ്പം ചേർന്നും പരിശീലനം നടത്തുകയായിരുന്നു.
പുലിക്കളിയോടുള്ള കടുത്ത കമ്പമാണ് പുലിവേഷമണിയാൻ പ്രേരിപ്പിച്ചതെന്നു മൂവരും പറഞ്ഞു.
കഴിഞ്ഞ തവണ വേഷമണിയാൻ അവസരം ലഭിച്ചെങ്കിലും പ്രളയത്തെത്തുടർന്ന് പുലിക്കളി ഒഴിവാക്കിയിരുന്നു. 2016 ൽ ദിവ്യ, സക്കീറ, വിനയ, രഹ്ന എന്നിവർ പെൺപുലികളായി എത്തിയിരുന്നു.