കെസിബിസി മാധ്യമ പഠന ശില്പശാല
Sunday, September 15, 2019 12:19 AM IST
കൊച്ചി: കെസിബിസി മാധ്യമ, ഐക്യജാഗ്രതാ കമ്മീഷനുകളുടെ നേതൃത്വത്തിൽ മാധ്യമ പഠന ശില്പശാല പാലാരിവട്ടം പിഒസിയിൽ നടത്തി. രൂപതകളിലെയും സന്യാസ സഭകളിലെയും പിആർഒമാർ, മാധ്യമ കമ്മീഷൻ സെക്രട്ടറിമാർ, മീഡിയ കൗണ്‍സിലർമാർ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
സമകാലിക മാധ്യമലോകം- വിശകലനം എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ, സൈബർ മാധ്യമരംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ കേരള പോലീസ് സൈബർ ഡോം ജൂണിയർ കമാൻഡർ ജിൻസ് ടി. തോമസ് എന്നിവർ സെഷനുകൾ നയിച്ചു. ചർച്ചകളും ഉണ്ടായിരുന്നു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് സമാപന സന്ദേശം നൽകി. മാധ്യമ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.