പ്രളയവും ഉരുൾപൊട്ടലും: മൂന്നു മാസത്തിനകം റിപ്പോർട്ട്
Tuesday, September 17, 2019 11:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ചു പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി മൂന്നു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
സർക്കാർ തീരുമാനിക്കേണ്ട നയപരമായ മാറ്റങ്ങളും അടിയന്തര സാഹചര്യങ്ങൾ ഭാവിയിൽ നേരിടുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കും. നിലവിലുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങൾ പുതുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ദുരന്തങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് ഭൂവിനിയോഗവും ആപത്തുകളെക്കുറിച്ചുമുള്ള പഠനവും നടത്താൻ സമിതി നിശ്ചയിച്ചു.കേരളത്തിലെ ദുരന്തമേഖല സന്ദർശിക്കുന്നതിന്റെ ഭാഗമായി 18ന് ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തും.