കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുന്നു: എ.കെ. ആന്റണി
Thursday, September 19, 2019 12:43 AM IST
പാലാ: ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ ഉറപ്പ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർഡിനൻസ് ഇറക്കാൻ തയാറാകാതെ വിശ്വാസികളെ വഞ്ചിച്ചെന്നും എടുത്തുചാട്ടം കാണിച്ച് എൽഡിഎഫ് സർക്കാർ വിശ്വാസികളെ വേദനിപ്പിച്ചെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി. പാലായിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലായിലെ ഉപതെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെയും ഒരുപോലെ പാഠം പഠിപ്പിക്കാനുള്ള അവസരമാകും. എല്ലാം ശരിക്കാമെന്നുപറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണു ചെയ്തത്. കേരളത്തിലെ ഏറ്റവും സന്പന്നമായ പാർട്ടിയാണു സിപിഎം. കാബിനറ്റ് യോഗം മാറ്റിവച്ച് എൽഡിഎഫ് മന്ത്രിമാർ പാലായിൽ തന്പടിച്ചിട്ടു കാര്യമില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടാണ്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനെ ജനം താഴെയിറക്കും. കാരണം, ഇവർ ഭരിക്കാൻ യോഗ്യരല്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാൻ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, പി.ജെ. ജോസഫ് എംഎല്‍എ, കെ.സി. ജോസഫ് എംഎല്‍എ, വി.എം. സുധീരന്, പി.സി. ചാക്കോ , ജോസ് കെ. മാണി എംപി, ആന്റോ ആന്റണി എംപി, ജോണി നെല്ലൂർ, തോമസ് ചാഴികാടന് എംപി, റോഷി അഗസ്റ്റിന് എംഎല്‍എ, എൻ. ജയരാജ് എംഎല്‍എ, ജോസഫ് വാഴയ്ക്കൻ, ജോസഫ് എം. പുതുശേരി, ഷാഫി പറമ്പിൽ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, സതീഷ് ചൊള്ളാനി, റോയി എലിപ്പുലിക്കാട്ട്, അനസ് കണ്ടത്തിൽ എന്നിവര്‍ പ്രസംഗിച്ചു.