കെസിബിസി നാടകമേളയ്ക്ക് ഇന്നു തുടക്കം
Thursday, September 19, 2019 11:59 PM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന 32-ാമത് അഖില കേരള പ്രഫഷണൽ നാടകമേള ഇന്നു മുതൽ 29 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ നടക്കും.
ഉദ്ഘാടനം ഇന്നു വൈകിട്ട് 5.30നു നാടകമേളയുടെ കെസിബിസി മാധ്യമ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ’ആളൊരുക്കം’ ചലച്ചിത്രത്തിന്റെ നിർമാതാവ് ജോളി ലോനപ്പനെ ആദരിക്കും. പാലാ കമ്യൂണിക്കേഷൻസിന്റെ ’ജീവിതം മുതൽ ജീവിതം വരെ’ ആണ് ഇന്നത്തെ നാടകം.
തുടർന്നുള്ള ദിവസങ്ങളിൽ ഇത് ധർമഭൂമിയാണ് (അയനം നാടകവേദി, കൊല്ലം), അരികിൽ ഒരാൾ (കൊല്ലം ചൈതന്യ), പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ), പഞ്ചമിപെറ്റ പന്തിരുകുലം (നാടകസഭ, കോഴിക്കോട്), അമ്മ (കാളിദാസ കലാകേന്ദ്രം), ഇതിഹാസം (തിരുവനന്തപുരം സൗപർണിക), നേരറിവ് (ചങ്ങനാശേരി അണിയറ), ദൂരം (അമല കാഞ്ഞിരപ്പള്ളി) എന്നീ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിനാണ് നാടകം ആരംഭിക്കുന്നത്.