ശ്രദ്ധാകേന്ദ്രമായി എംഎൽഎ ക്വാർട്ടേഴ്സ്
Friday, September 20, 2019 12:31 AM IST
തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന പ്രചാരണത്തിനു പിന്നാലെ ഇന്നലെ ശ്രദ്ധാകേന്ദ്രമായത് എംഎൽഎ ഹോസ്റ്റൽ. രാവിലെ മുതലേ എംഎൽഎ ഹോസ്റ്റലിനു മുന്നിൽ ഒബി വാനുകളുമായി ചാനൽ സംഘങ്ങൾ. അതിനു പിന്നാലെ ആൾക്കൂട്ടത്തിന്റെ ശ്രദ്ധയും എംഎൽഎ ഹോസ്റ്റലിലായി.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഹോസ്റ്റലിൽ ഉണ്ടെന്നും ഇവിടെ അറസ്റ്റിനു സാധ്യതയുണ്ടെന്നുമായിരുന്നു രാവിലെ മുതലുണ്ടായിരുന്ന അഭ്യൂഹം. എന്നാൽ ഉച്ചയോടെ എംഎൽഎ ഹോസ്റ്റൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇബ്രാഹിംകുഞ്ഞ് ബുധനാഴ്ച രാത്രി തന്നെ എംഎൽഎ ഹോസ്റ്റലിൽനിന്ന് എറണാകുളത്തേക്ക് പോയതായി അറിഞ്ഞു. ഉച്ചയോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കൊച്ചിയിൽ പ്രളയ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തോടൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തു. ഇതോടെയാണ് എംഎൽഎ ഹോസ്റ്റലിനു മുന്നിൽ എത്തിയ മാധ്യമസംഘം പിരിഞ്ഞത്.
എംഎൽഎ ഹോസ്റ്റലിൽ ആരെയും ചോദ്യംചെയ്യാനുള്ള അനുമതി ആരും ചോദിച്ചിട്ടില്ലെന്ന് ഇതിനിടെ സ്പീക്കറുടെ ഓഫീസും അറിയിച്ചു. വൈകുന്നേരത്തോടെ ഇബ്രാഹിംകുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന സർക്കാർ നിലപാടും വാർത്തയായി എത്തി.