മുത്തൂറ്റ് ഫിനാൻസിന്റെ 13 ശാഖകൾക്കുകൂടി പോലീസ് സംരക്ഷണം
Saturday, September 21, 2019 12:17 AM IST
കൊച്ചി: ജീവനക്കാരുടെ സമരത്തെത്തുടർന്നു മുത്തൂറ്റ് ഫിനാൻസിന്റെ 13 ശാഖകൾക്കുകൂടി പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം പത്തു ശാഖകൾക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടിരുന്നു. ഇന്നലെ കൂടുതൽ ശാഖകൾക്ക് സംരക്ഷണം തേടി അധികൃതർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ജോലി ചെയ്യാൻ തയാറായി എത്തുന്നവരെ തടയുന്നില്ലെന്നു പോലീസ് ഉറപ്പാക്കണമെന്നും ജീവനക്കാരെ അതത് ശാഖകളിൽതന്നെ ജോലിക്കു നിയോഗിക്കണമെന്നും കഴിഞ്ഞ ദിവസം നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതു പുതിയ ഹർജിക്കും ബാധകമാക്കിയിട്ടുണ്ട്.
അനുരഞ്ജന ചർച്ചകളിൽനിന്നു മാനേജ്മെന്റിന് മാറിനിൽക്കാനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉറപ്പാക്കണമെന്ന കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഇതിലും ബാധകമാക്കിയിട്ടുണ്ട്.