അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു; നവവരനും കൈക്കുഞ്ഞും ഉൾപ്പെടെ മൂന്നുപേർ മരിച്ചു
Sunday, September 22, 2019 12:56 AM IST
കാളികാവ് (മലപ്പുറം): ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നവവരനും കൈക്കുഞ്ഞുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. വേങ്ങര പറമ്പിൽപീടിക മങ്ങാടൻ യൂസഫ്(25), പിതൃസഹോദരൻ അവറാൻ കുട്ടിയുടെ ഭാര്യ ജുവൈരിയ (31), മകൾ അബീഹ (ഏഴു മാസം) എന്നിവരാണ് മരിച്ചത്.
യൂസഫിന്റെ ഭാര്യ ഷഹീദ (19), മുഹമ്മദ് അഖ്ബൽ (ഏഴ്) എന്നിവരെ പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തൊഴുക്കിൽപ്പെട്ട അബീഹയുടെ മൃതദേഹം രാത്രി ഏഴരയോടെയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. ചോക്കാട് പുല്ലങ്കോടുള്ള ബന്ധുവായ മുതുകാട്ടിൽ പാത്തുമ്മയുടെ വീട്ടിൽ എത്തിയ പത്തംഗ സംഘത്തിലെ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. യൂസഫിന്റെ വിവാഹം ഒരു മാസം മുമ്പാണ് നടന്നത്.
കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. പുഴയിലെ പാറക്കെട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊഴുകിയെത്തുകയായിരുന്നു. വലിയ ഉരുളൻകല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ രക്ഷപ്പെടാനുള്ള ബുദ്ധിമുട്ടാണ് അപകടത്തിനിടയാക്കിയത്.