കൂടത്തായി ദുരൂഹമരണ പരന്പര: മൃതദേഹാവശിഷ്ടങ്ങൾ വിദേശത്ത് പരിശോധനകൾക്ക് അയയ്ക്കും
Friday, October 11, 2019 1:28 AM IST
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരന്പരയിലെ കേസുകൾ കോടതിയിൽ തെളിയിക്കുന്നതിനായി മൃതദേഹാവശിഷ്ടങ്ങൾ ആവശ്യമെങ്കിൽ വിദേശ രാജ്യങ്ങളിലടക്കം രാസപരിശോധനകൾക്കായി അയയ്ക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട പരമാവധി പരിശോധനകൾ രാജ്യത്തിന് അകത്തുതന്നെ നടത്താനാകും ശ്രമിക്കുകയെന്നും സാധ്യമാകാത്ത അവസ്ഥയുണ്ടായാൽ പരിശോധനയ്ക്കായി വിദേശ രാജ്യങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേസിൽ വിദഗ്ധ സഹായത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുൻ ഡയറക്ടറും ഫോറൻസിക് വിഭാഗം മേധാവിയുമായ ഡോ. തിരത് ദാസ് ഡോഗ്ര അടക്കമുള്ളവരുമായി ഡിജിപി ആശയവിനിമയം നടത്തി. വിദഗ്ധാഭിപ്രായം തേടിയശേഷമാകും മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
കൂടത്തായി കൊലപാതക പരന്പരയുമായി ബന്ധപ്പെട്ട് ആറു കേസുകൾ രജിസ്റ്റർ ചെയ്യും. കേസന്വേഷണത്തിലും തുടർനടപടികളിലും ഇതു ഗുണം ചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
വേണ്ടിവന്നാൽ അന്വേഷണ സംഘം ഇനിയും വിപുലീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. മേഖലാ ഐജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധർ അടക്കമുള്ളവർ ഉൾപ്പെടെ 35 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.