ബൈക്കപകടം: എൻജിനിയറിംഗ് വിദ്യാർഥി തമിഴ്നാട്ടിൽ മരിച്ചു
Sunday, October 13, 2019 12:02 AM IST
മറയൂർ: തമിഴ്നാട് ധർമപുരിയിൽ ബൈക്കപകടത്തിൽ മറയൂർ സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. മറയൂർ പുതച്ചി വയലിൽ സുരേഷ് - ജയന്തി ദന്പതികളുടെ മകൻ സനീഷ് (20) ആണ് മരിച്ചത്.
ബൈക്കിൽ കൂടെ യാത്രചെയ്ത തൃശൂർ സ്വദേശി മിഥുനിനെ (20) പരിക്കുകളോടെ ധർമപുരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ 7.30നാണ് ധർമപുരിക്ക് സമീപം തൊപ്പൂർ എന്ന സ്ഥലത്ത് അപകടമുണ്ടായത്. ഈറോഡിൽ മൂന്നാംവർഷ എൻജിനിയറിംഗ് വിദ്യാർഥികളായ ഇരുവരും ബംഗളുരുവിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്പോഴാണ് അപകടമുണ്ടായത്.
ടൂറിസ്റ്റ് ബസിനും ടോറസിനുമിടയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മറിയുകയും സനീഷ് ടോറസിന്റെ ടയറിനടിയിൽപെടുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ സനീഷ് മരിച്ചു. മൃതദേഹം ധർമപുരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ധർമപുരി പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് മറയൂരിലെത്തിക്കും.