കരാറുകൾ കർഷകരുടെ അന്ത്യം കുറിക്കുമെന്ന് സംഘടനകൾ
Sunday, October 13, 2019 12:02 AM IST
കോട്ടയം: രാജ്യം ഒപ്പ് വയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര കരാറുകളുടെയും തിക്താനുഭവങ്ങൾ അനുഭവിക്കുന്ന കർഷകസമൂഹം അടുത്ത ആർസിഇപി കരാർ ഒപ്പ് വയ്ക്കുന്നതോടെ ഇന്ത്യയിൽ ഇല്ലാതാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു കോട്ടയത്തു കൂടിയ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ വിലയിരുത്തി. സംസ്ഥാന സർക്കാരുകളുമായി ആശയവിനിമയം നടത്തിയതിനു ശേഷമേ ആർസിഇപി കരാർ ഒപ്പ് വയ്ക്കാവൂയെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ കർഷക ഐക്യവേദിക്കു യോഗം രൂപംനൽകി. ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷതവഹിച്ചു. കർഷക കോണ്ഗ്രസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി, കർഷക സംഘടന നേതാക്കളായ പ്രഫ. എം.ടി. ജോസഫ്, വി.കെ. ചിത്രഭാനു, ഷെവ. വി.സി. സെബാസ്റ്റ്യൻ, ജോയി പീലിയാനിക്കൽ, വി.കെ. നാരായണൻ, പി.പി. മുഹമ്മദ് കുട്ടി, ജോണി പൊട്ടംകുളം, ഡിജോ കാപ്പൻ, ബാബു ജോസഫ്, ജോഷി ജേക്കബ്, കെ.പി. ജോസഫ്, താഷ്കന്റ് പൈകട, ജോർജ് കൊട്ടാരം, ജോഷി ജോസഫ് മണ്ണിപ്പറന്പിൽ, ജോണ് വെങ്ങാന്തറ, ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.