കെട്ടിടത്തിൽനിന്നു വീണ് കമ്പി തറച്ചുകയറിയ യുവാവിനെ രക്ഷപ്പെടുത്തി
Monday, October 14, 2019 12:09 AM IST
കണ്ണൂർ: കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് ഒന്നാം നിലയുടെ മേൽക്കൂരയിൽ ശരീരം കമ്പിയിൽ കോർത്ത രീതിയിയിൽ അകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ലോഡിംഗ് തൊഴിലാളിയായ മലപ്പുറം കുണ്ടൂൽ സ്വദേശി വി.കെ. സലിം (32) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെ തോട്ടടയിലുള്ള കെട്ടിടത്തിലായിരുന്നു അപകടം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂരിലെ ഫയർഫോഴ്സാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് റൂഫിന്റെ ഷീറ്റും പൈപ്പുകളും അറുത്തുമാറ്റി ശരീരത്തിൽ തുളഞ്ഞ കമ്പി സഹിതം അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തുകയും ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ, അസി. സ്റ്റേഷൻ ഓഫീസർ ടി. അജയൻ, സേനാംഗങ്ങളായ രാധാകൃഷ്ണൻ, സൂരജ്, നിജിൽ, സന്ദീപ്, പ്രിയേഷ്, നാരായണൻ, ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.