ഓംബുഡ്സ്മാന്റെ കൈവശമുള്ള ഫയലുകള്‍ കെസിഎയ്ക്ക് കൈമാറുന്നതു തടഞ്ഞു
Wednesday, October 16, 2019 12:28 AM IST
കൊച്ചി: ഓംബുഡ്സ്മാന്റെ കൈവശമുള്ള ഫയലുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനു കൈമാറുന്നത് വെള്ളിയാഴ്ച വരെ വിലക്കി ഹൈക്കോടതി ഉത്തരവായി. ഓംബുഡ്സ്മാന്റെ കൈവശമുള്ള ഫയലുകളുടെ കാര്യത്തില്‍ 18 വരെ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റിട്ട. ജസ്റ്റീസ് വി. രാംകുമാറിനെ ഓംബുഡ്സ്മാന് പദവിയില്‍നിന്നു മാറ്റിയ കെസിഎയുടെ നടപടിക്കെതിരേ കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രണ്ട് ക്ലബ്ബുകളുടെ ഭാരവാഹികളായ ജി. കുമാര്‍, ബെര്‍ട്ട് ജേക്കബ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരായ സാമ്പത്തിക ക്രമക്കേടു കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി ഉത്തരവു നല്‍കാനിരിക്കെയാണ് ഓംബുഡ്സ്മാനെ മാറ്റിയതെന്നും ഫയലുകള്‍ കൈമാറുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ വാദം.