ഡ്രൈവറെ തലയ്ക്കടിച്ചു തട്ടിയെടുത്ത ഊബർ കാർ പിടികൂടി
Wednesday, October 16, 2019 12:30 AM IST
പുതുക്കാട്: അളഗപ്പനഗറിൽ ഉൗബർ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു കാർ തട്ടിയെടുത്തു. പരിക്കേറ്റ ഡ്രൈവർ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടിൽ രാഗേഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. രാഗേഷ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ കാലടിയിൽവച്ച് കാർ പിടികൂടി. പ്രതികൾ ഓടിരക്ഷപ്പെട്ടു.
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നാണു രണ്ടുപേർ പുതുക്കാട്ടേക്കു ഉൗബർ ടാക്സി വിളിച്ചത്. പുതുക്കാട് എത്തിയ ഇവർ കാണേണ്ടയാളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു പറഞ്ഞ് ചുങ്കം വഴി ആമ്പല്ലൂരിലേക്കു പോകാൻ ആവശ്യപ്പെട്ടു.
അളഗപ്പനഗറിൽ എത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ട യാത്രക്കാർ പണം എടുക്കാനെന്ന വ്യാജേന പുറത്തിറങ്ങിയയുടൻ ആക്രമിക്കുകയായിരുന്നു.
ഒരാൾ സ്പ്രേ അടിച്ചു മയക്കാൻ ശ്രമിച്ചെങ്കിലും രാഗേഷ് തട്ടിമാറ്റി. കൂടെയുണ്ടായിരുന്ന മറ്റൊരാൾ തലയ്ക്കടിച്ചശേഷം കത്തികാണിച്ചു രാഗേഷിനോട് ഇറങ്ങിയോടാൻ പറയുകയായിരുന്നു. ഉടൻ തന്നെ അക്രമികൾ കാറുമായി രക്ഷപ്പെട്ടു.
രാഗേ ഷ് സുഹൃത്തിനെയും പുതുക്കാട് പോലീസിനെയും വിവരം ഫോണിൽ വിളിച്ചറിയിച്ചു. പുതുക്കാട് പോലീസ് എത്തിയാണു രാഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് കൊരട്ടിയിലുണ്ടായിരുന്ന ഹൈവേ പോലീസ് പിന്തുടർന്ന് കാലടിയിൽവച്ചാണ് കാർ പിടികൂടിയത്.