ജാതിപ്പേര് ഉപയോഗിച്ചു വോട്ടുതേടൽ: എൻഎസ്എസിനെതിരേ പരാതി നൽകിയതായി സിപിഎം
Friday, October 18, 2019 11:26 PM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപ്പേര് ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി എൻഎസ്എസ് നേതൃത്വം വോട്ട് തേടിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയതായി സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം പ്രാദേശിക നേതാവ് കെ.സി. വിക്രമനാണു പരാതി നൽകിയത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ കളക്ടർ, മണ്ഡലത്തിന്റെ ചുമതലയുള്ള വരണാധികാരി എന്നിവർക്കാണു പരാതി ഇ-മെയിലായി നൽകിയതെന്നു കെ.സി. വിക്രമൻ പറഞ്ഞു. എന്നാൽ, ജാതിപ്പേര് ഉപയോഗിച്ച് എൻഎസ്എസ് നേതൃത്വം വോട്ടു തേടിയതുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ പരാതികളൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
എന്നാൽ, എൻഎസ്എസ് നടപടിക്കെതിരേ നായർ സമാജത്തിന്റെ പരാതി ലഭിച്ചിരുന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ അടക്കമുള്ളവ ഉൾപ്പെടുത്തി വ്യക്തത വരുന്ന തരത്തിലുള്ള പരാതി സമർപ്പിക്കാൻ നിർദേശിച്ചതായും ടിക്കാറാം മീണ പറഞ്ഞു.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ. മോഹൻകുമാറിനു വേണ്ടി നായർ സമുദായംഗങ്ങളുടെ വീടുകൾ കയറിയിറങ്ങി, എൻഎസ്എസ് കരയോഗം പ്രവർത്തകർ വോട്ടു തേടിയെന്നാണു സിപിഎമ്മിന്റെ പരാതി.