കാറിൽ ബസിടിച്ച് മൂന്നു മരണം; അഞ്ചു പേർക്കു പരിക്ക്
Friday, October 18, 2019 11:57 PM IST
അന്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് മുരുക്കോലിയിൽ കെഎസ്ആർടിസി ബസും ഇന്നോവാ കാറും കൂട്ടിയിടിച്ചു മൂന്നുമരണം. ബസ് യാത്രയ്ക്കാരിയടക്കം അഞ്ചു പേർക്കു പരിക്ക്. കാർ യാത്രക്കാരായ ബംഗാൾ സ്വദേശിനികളായ അധ്യാപകരായ മീരാ ബർമൻ, സോവാ ബിശ്വാസ്, ഗീതാ റോയ് എന്നിവരാണു മരിച്ചത്.
കാർ ഡ്രൈവർ രതീഷ്, യാത്രക്കാരായിരുന്ന കാക്കുലി ഭദ്ര, ലക്ഷ്മി ബിശ്വാസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരി തോട്ടപ്പള്ളി ഇല്ലിച്ചിറ വെന്പാലശേരി പ്രസാദിന്റെ മകൾ പ്രതിഭ(21)ക്കും പരിക്കുണ്ട്. ദേശീയപാതയിൽ പുറക്കാട് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കുശേഷം 2.15 ഓടെയായിരുന്നു അപകടം.
ആലപ്പുഴയിൽനിന്നു ഹരിപ്പാട്ടേക്കു പോയ കെഎസ്ആർടിസി ലോഫ്ളോർ ഓർഡിനറി ബസിൽ ഇന്നോവാ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽനിന്ന് അഗ്നിശമന സേനയും അന്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇതിൽനിന്നു യാത്രക്കാരെ പുറത്തെടുത്തത്.