നവജാത ശിശുവിന്റെ മരണം: അമ്മയെ അറസ്റ്റ്ചെയ്തു
Sunday, October 20, 2019 12:13 AM IST
ചെറുതോണി: നവജാത ശിശു ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തോപ്രാംകുടി - വാത്തിക്കുടി സ്വദേശിനി ചഞ്ചൽ (20)ലാണ് അറസ്റ്റിലായത്. ഇവരെ ഇടുക്കി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ചഞ്ചൽ കട്ടപ്പനയിൽ ബിരുദ വിദ്യാർഥിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി ശുചിമുറിയിൽ ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രസവശേഷം സ്വന്തം മുറിയിൽ തുവർത്തിൽ കുഞ്ഞിനെ കിടത്തി. തുണി മുറിക്കാനുപയോഗിക്കുന്ന കത്രികയക്കു പൊക്കിൾകൊടി മുറിച്ചുമാറ്റി.
പിന്നീട് ശുചിമുറിയിൽപോയി ദേഹം വൃത്തിയാക്കി വസ്ത്രംമാറി വന്നു കുഞ്ഞിനു മുലപ്പാൽ കൊടുക്കുകയും ചെയ്തു. കുഞ്ഞിനെ കിടത്തിയിരുന്ന തുവർത്തിനു കുഞ്ഞിന്റെ തലസഹിതം മൂടി പൊതിഞ്ഞു. നനഞ്ഞ തുണിയുടെ ഒരഗ്രം കഴുത്തിലും വരിഞ്ഞു ചുറ്റി. കൂടാതെ ഇവർ ധരിക്കാറുള്ള ടീ ഷർട്ട് ഉപയോഗിച്ചു കഴുത്തിൽ അമർത്തി പൊതിഞ്ഞു. ശ്വാസംകിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവർ ആദ്യം പോലീസിനോടു പറഞ്ഞിരുന്നത്.
താൻ പ്രസവിച്ചെന്നും കുട്ടി മരിച്ചുപോയെന്നും മറവു ചെയ്യാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇവരുടെ സഹപാഠിയായ ആണ് സുഹൃത്തിനെ ഫോണിൽ വിളിച്ചു. സുഹൃത്തുവഴി വിവരമറിഞ്ഞ പോലീസ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സ്കൂൾ ബാഗിൽ മുറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിനെ കണ്ടെടുത്തു. രക്തസ്രാവത്തെത്തുടർന്ന് അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജാശുപത്രിയും പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്. മണിയാറൻകുടി സ്വദേശിയായ യുവാവാണ് കുഞ്ഞിന്റെ പിതാവെന്നു പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇയാൾ കഴിഞ്ഞ് ഓഗസ്റ്റ് 25ന് ജീവനൊടുക്കിയിരുന്നു. പെണ്‍കുട്ടിയുമായി വീട്ടിലെത്തി പോലീസ് തെളിവുകൾ ശേഖരിച്ചു. ഐപിസി 302 വകുപ്പുപ്രകാരം കേസെടുത്താണ് പെണ്‍കുട്ടിയെ കോടതിയിൽ ഹാജരാക്കിയത്.