കെട്ടിടത്തിൽനിന്നു വൈദ്യുത ലൈനിലേക്കു വീണയാൾ ഷോക്കേറ്റു മരിച്ചു
Sunday, October 20, 2019 12:15 AM IST
കോട്ടയം: നഗരമധ്യത്തിലെ സ്വകാര്യ ലോഡ്ജിനു മുകളിൽനിന്നു കാൽവഴുതി വൈദ്യുത ലൈനിലേക്കു വീണയാൾ ഷോക്കേറ്റു മരിച്ചു.
ഷോക്കേറ്റ് ഫുട്പാത്തിലേക്കാണ് ഇദ്ദേഹം വീണത്. കാഞ്ഞിരം കലാഭവൻ വീട്ടിൽ സത്യനാ(50)ണു മരിച്ചത്. ഇന്നലെ രാവിലെ 11.30നു നഗരത്തിലെ ടിബി റോഡിലുള്ള അനുപമ തീയേറ്ററിന് എതിർവശത്തുള്ള മെട്രോ ലോഡ്ജിനു മുകളിൽനിന്നാണു വീണത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സത്യനെ ഉടനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരിച്ചു.
മെട്രോ ലോഡ്ജിന്റെ മൂന്നാം നിലയിൽ ലൈറ്റ് ഘടിപ്പിച്ച ബോർഡ് സ്ഥാപിക്കുന്നതിന് അളവെടുക്കാൻ കയറിയതാണ്. അളവെടുക്കുന്നതിനിടെ കാൽതെറ്റി താഴേക്കു വീഴുകയായിരുന്നു. കെട്ടിടത്തിനു സമീപത്തുകൂടിയാണ് വൈദ്യുതി ലൈനുകൾ കടന്നു പോകുന്നത്. വൈദ്യുതി ലൈനിൽ തട്ടിയാണു താഴേക്കു വീണത്. അതിനാൽ, വീഴ്ചയ്ക്കിടയിൽ ഷോക്കേറ്റു. അപകടത്തത്തുടർന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.
ഫുട്പാത്തിൽ തലയിടിച്ചാണ് സത്യൻ വീണത്. ഉടൻ തന്നെ ബോധരഹിതനായി. സമീപത്ത് ജോലി ചെയ്തിരുന്നവരും, നാട്ടുകാരും ഫയർഫോഴ്സ് അധികൃതരും ചേർന്നു സത്യനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ടിബി റോഡിൽ ഗതാഗതം തടസപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. ഭാര്യ: അജിത. മക്കൾ: അപർണ സത്യൻ, അനന്തകൃഷ്ണൻ.