അന്ധയായ ലോട്ടറി വില്പനക്കാരിക്ക് നിരോധിച്ച 500 രൂപ നൽകി പറ്റിച്ചു
Sunday, October 20, 2019 12:17 AM IST
കിഴക്കമ്പലം: ഉപജീവനമാര്‍ഗമായ ലോട്ടറിക്കച്ചവടത്തില്‍ 500 രൂപയുടെ നിരോധിച്ച നോട്ട് നല്കി പറ്റിച്ചയാളെ തേടുകയാണ് അന്ധയായ ലോട്ടറി വില്പനക്കാരി ലിസി. നാളുകളായി വെങ്ങോല ഓണംകുളത്ത് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ലിസിയെ ലോട്ടറി വാങ്ങാനെത്തിയ ആളാണു നിരോധിച്ച 500 രൂപ നൽകി കബളിപ്പിച്ചത്. പുതിയ 500 രൂപ നോട്ടിനോട് സാമ്യപ്പെടുത്തി അരികുകള്‍ മുറിച്ചാണു ലിസിക്കു നല്‍കിയത്. ഇതുമൂലം നിരോധിച്ച നോട്ടാണെന്നു മനസിലാക്കാനായില്ല.
200 രൂപയുടെ ലോട്ടറി ടിക്കറ്റും ബാക്കി 300 രൂപയും വാങ്ങി അജ്ഞാതന്‍ കടന്നുകളഞ്ഞു. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത ലിസി പുറമ്പോക്കു ഭൂമിയില്‍ കൂര കെട്ടിയാണു താമസം. കാഴ്ചശേഷിയില്ലാത്ത തന്നെപ്പോലും കബളിപ്പിക്കുന്നവർ സമൂഹത്തിലുണ്ടോയെന്നു ലിസി ചോദിക്കുന്നു.