പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കു മരുന്നു കുത്തിവച്ച യുവാവ് പിടിയിൽ
Monday, October 21, 2019 12:46 AM IST
തിരുവല്ല : പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ മരുന്നു നിറച്ച സിറിഞ്ച് ഉപയോഗിച്ചു കുത്തിപരിക്കേല്പിച്ച കേസിൽ പതിനെട്ടുകാരൻ പോലീസിന്റെ പിടിയിൽ. കോയിപ്രം തട്ടേയ്ക്കാട് മലനട ക്ഷേത്രത്തിന് സമീപം ഉഴിയൂഴത്തിൽ അശ്വിൻ (18) ആണ് അറസ്റ്റിലായത്.
പരുമല സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ ഒന്പതോടെ പരുമല പാലത്തിനോടു ചേർന്നു കാൽനടയ്ക്കായി നിർമിച്ച പാലത്തിന്റെ മധ്യഭാഗത്തു വച്ചായിരുന്നു സംഭവം. ബലമായി പിടിച്ചുനിർത്തി പെൺകുട്ടിയുടെ ഇടതു കൈത്തണ്ടയിൽ മരുന്നു നിറച്ച സിറിഞ്ച് ഉപയോഗിച്ചു കുത്തുകയായിരുന്നു.
തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയിൽനിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഒരു വർഷക്കാലമായി പെൺകുട്ടിയോടു നിരന്തരമായി പ്രണയാഭ്യർഥന നടത്തിവരുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പെൺകുട്ടി പ്രതികരിച്ചതാണ് ആക്രമണത്തിനു കാരണമായതെന്നും പോലീസ് പറഞ്ഞു. പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.