കേന്ദ്ര ചിട്ടി നിയമ ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ: മന്ത്രി
Tuesday, October 22, 2019 11:56 PM IST
തൃശൂർ: ചിട്ടി ഫോർമെൻ കമ്മീഷൻ ഏഴു ശതമാനമാക്കുന്നതുൾപ്പെടെ കേന്ദ്ര ചിട്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച നിവേദനം പരിശോധിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സമ്മേളനത്തിൽ അപ്രതീക്ഷിതമായ കാരണങ്ങളാലാണു ബിൽ പരിഗണിക്കാനാകാതെ വന്നത്. കേന്ദ്ര ചിട്ടി നിയമം കേരളത്തിൽ പ്രാബല്യത്തിലായതോടെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾ നിലനിൽപിനു ക്ലേശിക്കുന്ന അവസ്ഥയിലാണെന്നു നിവേദക സംഘം മന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങൾ സംബന്ധിച്ചു കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നും മന്ത്രി മുരളീധരൻ വാഗ്ദാനം ചെയ്തു.