ഭൂവിനിയോഗ ഉത്തരവിൽ സർക്കാരിന് വീഴ്ച: ഫ്രാൻസിസ് ജോർജ്
Wednesday, October 23, 2019 12:09 AM IST
കോട്ടയം: ഇടുക്കി ഭൂവിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുന്പേ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ഇക്കാര്യത്തിൽ സർക്കാരിനു തെറ്റുപറ്റിയതായി അദ്ദേഹം ആരോപിച്ചു.
വീഴ്ച വരുത്തിയെന്ന് ഉറപ്പായ സാഹചര്യത്തിൽ തിരുത്തണം. ഉത്തരവു വന്നതിനു പിന്നാലെ ജനാധിപത്യ കേരള കോണ്ഗ്രസ് ഇടതു മുന്നണി നേതൃത്വത്തെ സമീപിക്കുകയും തിരുത്തൽ ആവശ്യപ്പെടുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല. എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കും.
ഉത്തരവിലെ പല നിബന്ധനകളും കാലോചിതമല്ലാത്തതും പരിഷ്കൃത സമൂഹത്തിൽ അപ്രായോഗികവുമാണ്. ഇടുക്കി ഭൂവിനിയോഗം സംബന്ധിച്ച വിഷയത്തിനു ശാശ്വത പരിഹാരം കാണുക, കാഞ്ഞിരപ്പള്ളി -മീനച്ചിൽ താലൂക്കുകളിലെ യഥാർഥ പുരയിടങ്ങൾ തോട്ടങ്ങളാക്കി മാറ്റിയ റീ സർവേ നടപടി റദ്ദ് ചെയ്യുക, ആർസിഇപി കരാറിൽനിന്നു കേന്ദ്രസർക്കാർ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ ഒന്നിനു കട്ടപ്പനയിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തും.