റീബിൽഡ് കേരളയ്ക്കു പ്രത്യേകസെൽ രൂപീകരിക്കാൻ തീരുമാനം
Wednesday, October 23, 2019 11:36 PM IST
തിരുവനന്തപുരം: പ്രളയ പുനർനിർമാണം വേഗത്തിലാക്കാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ നടത്തിപ്പിനായി പ്രത്യേക സെൽ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകൾ സൃഷ്ടിക്കും. എൻജിനിയറിംഗ് തസ്തികകളെല്ലാം ഡപ്യൂട്ടേഷൻ വഴിയും മറ്റു തസ്തികകൾ കരാർ അടിസ്ഥാനത്തിലും നിയമിക്കും. പ്രളയബാധിതരുടെ പുനരധിവാസത്തിനു നൽകുന്ന ദാനാധാരങ്ങൾക്കു മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും 2020 മാർച്ച് 31 വരെ ഇളവ് നൽകും. സർവേയും ഭൂരേഖയും വകുപ്പിലെ 2999 താത്കാലിക തസ്തികകൾക്ക് 2020 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി നൽകും.
കോഴിക്കോട് ഒളവണ്ണ വില്ലേജിൽ സ്ഥാപിക്കുന്ന ഇന്തോ - ഷാർജ കൾച്ചറൽ സെന്ററിനും വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്വൻഷൻ സെന്ററിനും വേണ്ടി മുപ്പത് ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കും.