യുദ്ധവിമാന ഭാഗങ്ങൾ മീൻവലയിൽ കുടുങ്ങി
Tuesday, November 12, 2019 12:52 AM IST
വൈപ്പിൻ: മുനന്പത്തുനിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ടിന്റെ വലയിൽ യുദ്ധവിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം കുടുങ്ങി.
സീലൈൻ എന്ന ബോട്ടിന്റെ വലയിൽ കുടുങ്ങിയ അവശിഷ്ടത്തിന് 1,500 കിലോഗ്രാം തൂക്കം വരും. മുനന്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറുഭാഗത്തു പുറംകടലിൽ വലയിൽ എന്തോ തടഞ്ഞതായി അനുഭവപ്പെട്ട സ്രാങ്ക് ബോട്ട് നിർത്തി വല ഉയർത്തി നോക്കിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്.
ഞായറാഴ്ച രാത്രി ഹാർബറിൽ എത്തിച്ചു വിവരം മുനന്പം പോലീസിനെ അറിയിച്ചു. പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഇന്നു പരിശോധന നടത്തും. വിമാന അവശിഷ്ടം കുടുങ്ങിയതിനെത്തുടർന്നു വലയ്ക്കു സാരമായ കേടുപാടുകൾ സംഭവിച്ചു.
ബോട്ടിൽ കയറ്റുന്നതിനിടെ ബോട്ടിന്റെ ലീഫിനും തകരാർ പറ്റി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ബോട്ടുടമ സുഭാഷ് അറിയിച്ചു. കുറച്ചുദിവസം കടലിൽ പോകുന്നതും മുടങ്ങും.