മലയാളി വൈദികൻ യുപിയിൽ അപകടത്തിൽ മരിച്ചു
Wednesday, November 13, 2019 12:15 AM IST
കൊച്ചി: ഉത്തർപ്രദേശിലെ മുറാദാബാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു മലയാളി വൈദികൻ മരിച്ചു. സിഎംഐ ബിജ്നോർ പ്രോവിൻസ് അംഗമായ ഫാ. ആന്റോ പുതുശേരിയാണു (66) മരിച്ചത്. എറണാകുളം ശ്രീമൂലനഗരം എടനാട് സ്വദേശിയാണ്.
കഴിഞ്ഞ മൂന്നിന് ഇദ്ദേഹം സഞ്ചരിച്ച കാർ തോട്ടിലേക്കു മറിഞ്ഞായിരുന്നു അപകടം.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഫാ. ആന്റോ ഇന്നലെ പുലർച്ചെയാണു മരിച്ചത്. സംസ്കാരം 15ന് ഉച്ചയ്ക്ക് 1.30നു ബിജ്നോർ നജിബാബാദ് സെന്റ് ജോണ്‍സ് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും. ഇതേസമയം എടനാട് സെന്റ് മേരീസ് പള്ളിയിൽ അനുസ്മരണ ദിവ്യബലിയുണ്ടാകും.
ബംഗളൂരു ധർമാരാം കോളജിന്റെ അഡ്മിനിസ്ട്രേറ്റർ, സിഎംഐ സഭാ ജനറൽ ഓഡിറ്റർ, ഗാസിയാബാദ് ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
എടനാട് പുതുശേരി പരേതരായ മത്തായിയും ത്രേസ്യാക്കുട്ടിയുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: സിസ്റ്റർ മെറീനാ (എസ്എംഎംഐ ബ്രസീൽ), സിസ്റ്റർ അൽഫോൻസ (എസ്എബിഎസ് ഇടപ്പള്ളി), ജോർജ്, ജോയി, ജേക്കബ്.