ജനകീയ ഗായകൻ കൊച്ചിൻ ആസാദ് നിര്യാതനായി
Wednesday, November 13, 2019 11:34 PM IST
മട്ടാഞ്ചേരി: ജനകീയ ഗായകൻ കൊച്ചിൻ ആസാദ് (62) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു മരണം. കബറടക്കം നടത്തി. ഭാര്യ: സക്കീന. മക്കൾ: നിഷാദ്,ബിജു. മരുമക്കൾ: ഷംജ, ഫെമീന. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ചു സംഗീതരംഗത്തെത്തിയ ആസാദ് കേരളത്തിലങ്ങോളമിങ്ങോളം ഗാനമേളകളിലും വിവാഹവേദികളിലും ആവേശകരമായ സാന്നിധ്യമായിരുന്നു. വലിയ ആരാധകവൃന്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
സിലോൺ റേഡിയോയിൽ രാവിലെ പുരാനി ഗീത് എന്ന സംഗീത പരിപാടി ഉണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു ആസാദിന്റെ ബാല്യം. സൈഗാളിന്റെ ഗാനത്തോടെ അവസാനിക്കുന്ന ഒരു മണിക്കൂർ പരിപാടി ഒരുദിവസംപോലും ആസാദ് മുടക്കാറില്ലായിരുന്നു. മുഹമ്മദ് റഫിയോടുള്ള ആരാധന ഈ പരിപാടിയിലൂടെ ആരംഭിച്ചു. എവിടെ പോയാലും റഫി ഗാനം പാടാൻ അവസരം കിട്ടിയാൽ പാടിയിരുന്നു. ഏതു ഗാനമേളയ്ക്കു പോയാലും ബൈജു ബാവ്രയിലെ ദുനിയ കെ രഖ് വാലെ പാടിച്ചിട്ടേ ആസാദിനെ ജനം വിടാറുണ്ടായിരുന്നുള്ളൂ.
1977ൽ ഗൾഫിൽ തൊഴിൽ തേടിപ്പോയി. 2000 ൽ കൊച്ചിയിൽ തിരിച്ചുവന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ആസാദിനു ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നതിനു ജീവിത സാഹചര്യം തടസമായെങ്കിലും ഉറുദുവും ഹിന്ദിയും സ്ഫുടതയോടെ ഉച്ചരിക്കാനും പാടാനുമുള്ള പാടവം ആർജിച്ചിരുന്നു. മട്ടാഞ്ചേരി ലോ ബോ ജംഗ്ഷനിലെ ബോംബെ ഹെയർ കട്ടിംഗ് സലൂണിലെ യൂസഫ് മുഹമ്മദിന്റെ മകനായ ആസാദ് പാലസ് റോഡിൽ സ്വന്തമായി ഒരു സലൂൺ നടത്തിയിരുന്നു.