പമ്പയിലേക്കു ചെറിയ വാഹനങ്ങള്‍ വിടാൻ അനുമതി തേടും: മന്ത്രി കടകംപള്ളി
Monday, November 18, 2019 1:21 AM IST
ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തു ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍നിന്നു പമ്പയിലേക്കു കടത്തി വിടുന്നതിനു ഹൈക്കോടതിയുടെ അനുമതി തേടുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാസ പൂജ സമയം ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ സൗകര്യം നല്‍കിയിരുന്നു. മാസപൂജ സമയത്തു ഹൈക്കോടതിയുടെ അനുമതിയോടെയാണു ചെറിയ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തി വിട്ടതെന്നും മന്ത്രി പറഞ്ഞു.