മണ്ണിടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു
Tuesday, November 19, 2019 11:34 PM IST
മറയൂർ: ശബരിമല - പഴനി തീർഥാടനപാതയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരിച്ചു. മറയൂർ - മൂന്നാർ പാതയിൽ മറയൂരിൽനിന്നും 16 കിലോമീറ്റർ അകലെ വാഗുവരൈ ഭാഗത്താണ് അപകടമുണ്ടായത്. ബീഹാർ ബഗുസാരൈ ജില്ലയിൽ പത്താവുൽ കിഷീർ ചക്ക് സ്വദേശി കിഷൻ സാഹ്നി (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരൂന്ന ബംഗാൾ അലിപ്പൂർ ദാർ ജില്ല കഞ്ചലി ബസ്തി സ്വദേശികളായ സ്വാ ഒറാണ് മിഞ്ച് (31), കിഷ്ണു (22) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ഉരുൾപൊട്ടലിനെത്തുടർന്നു പാതയിൽ അപകടകരമായ രീതിൽ മണ്ണിടിഞ്ഞു മാറിയിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തനെയുള്ള ഭാഗം കോണ്ക്രീറ്റുചെയ്ത് ഉയർത്തുന്ന ജോലിക്കിടെയാണ് അപ്രതീക്ഷിതമായി മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ ഒന്നരമണിക്കൂറിനുശേഷം പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറയൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.