വിദ്യാർഥികളോടു മോദിയുടേയും പിണറായിയുടേയും പോലീസിന് ഒരേ നയം: മുല്ലപ്പള്ളി രാമചന്ദ്രൻ
Tuesday, November 19, 2019 11:37 PM IST
തിരുവനന്തപുരം: ജെഎൻയുവിലെ വിദ്യാർഥികളെ മോദിയുടെ പോലീസ് വേട്ടയാടുന്ന അതേ പാതയിലാണ് കേരളത്തിൽ പിണറായി വിജയന്റെ പോലീസ് വിദ്യാർഥികളോടും ജനപ്രതിനിധികളോടും പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പോലിസ് മർദനത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരേയും ഷാഫി പറന്പിൽ എംഎൽഎയെയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
സമാധനപരമായി സമരം ചെയ്ത കെഎസ്യു വിദ്യാർഥികളേയും ഷാഫി പറന്പിൽ എംഎൽഎയേയും മൃഗീയമായി തല്ലിച്ചതച്ച നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് അധികാരത്തിലെത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി സമരക്കാരോട് അദ്ദേഹത്തിന്റെ പോലീസ് എന്തിനാണ് ഈ ക്രൂരത കാട്ടിയതെന്ന് വിശദീകരിക്കണം.
പോലീസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം. മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.